മുംബൈ: ഗായകനും അഭിനേതാവുമായ ഡാനിഷ് മിർസയ്ക്കെതിരെ ബലാത്സംഗം കേസെടുത്ത് മുംബൈ പോലീസ്.
നിരവധി ഗാന ആൽബങ്ങൾ പുറത്തിറക്കിയിട്ടുള്ള ഡാനിഷ് അഭിനേതാവ് കൂടിയാണ്. ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുണ്ട് ഇദ്ദേഹത്തിന്.
കേസ് രജിസ്റ്റർ ചെയ്തതു മുതൽ ഒളിവിൽ പോയ മിർസക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്. “ഞങ്ങൾ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, പ്രതികൾക്കായി തിരച്ചിൽ നടക്കുന്നു,ഉടൻ പിടിക്കപ്പെടും” പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (ബലാത്സംഗം), 377 (പ്രകൃതിവിരുദ്ധ ലൈംഗികത), 406 (ക്രിമിനൽ വിശ്വാസ ലംഘനം) എന്നിവയുൾപ്പെടെ നിരവധി വകുപ്പുകൾ പ്രകാരമാണ് ഗായകനും നടനുമായ ഡാനിഷ് മിർസ എന്ന അൽഫാസിനെതിരെ ഒഷിവാര പോലീസ് കേസെടുത്തത്.
നിലവിൽ മിർസ ഒളിവിലാണ്. 2018 മാർച്ച് മുതൽ 2022 ഡിസംബർ വരെ നാല് വർഷത്തോളം ഇരയെ മിർസ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മാർച്ച് 17 ന് പരാതി നൽകിയതായി പോലീസ് അറിയിച്ചു.
പരാതി ലഭിച്ചയുടൻ പോലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു, ഇരയുടെ വൈദ്യപരിശോധനയും ഇരുവരും തമ്മിലുള്ള ഫോൺ കോളുകളും ചാറ്റുകളും പോലുള്ള മറ്റ് തെളിവുകൾ പരിശോധിച്ചു.