കാബൂൾ: പുലിറ്റ്സർ പുരസ്കാര ജേതാവായ ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖി(40) അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട സംഭവത്തിൽ പങ്കില്ലെന്ന് താലിബാൻ.
മാധ്യമപ്രവര്ത്തകന് കൊല്ലപ്പെടാനിടയായ ഏറ്റുമുട്ടലിനെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നും അദ്ദേഹം എങ്ങനെയാണ് മരിച്ചതെന്ന് വ്യക്തമല്ലെന്നും താലിബാന് വക്താവ് സാബിനുള്ള മുജാഹിദ് അറിയിച്ചു.
യുദ്ധമുഖത്ത് എത്തുന്ന മാധ്യമപ്രവർത്തകരെ കുറിച്ച് തങ്ങളെ അറിയിക്കണം. എങ്കിൽ അവർക്ക് പ്രത്യേക പരിഗണന നൽകും.
ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ ഖേദിക്കുന്നുവെന്നും താലിബാൻ വക്താവ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം റോയിട്ടേഴ്സിനുവേണ്ടി അഫ്ഗാനിസ്ഥാനിലെ ആഭ്യന്തരസംഘർഷത്തിന്റെ ചിത്രങ്ങൾ പകർത്തുന്നതിനിടെയാണു ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്.
അഫ്ഗാൻ സൈന്യവും താലിബാൻ ഭീകരരും തമ്മിൽ രൂക്ഷപോരാട്ടം നടക്കുന്ന കാണ്ഡഹാർ മേഖലയിൽനിന്നാണു ഡാനിഷ് സിദ്ദിഖി ഏറ്റവുമൊടുവിൽ ചിത്രങ്ങൾ പകർത്തിയത്.
താലിബാനെതിരേ ഒറ്റയ്ക്കു പോരാട്ടം നയിച്ച അഫ്ഗാൻ പോലീസുകാരനെ രക്ഷിക്കുന്ന പ്രത്യേക സേനാ ദൗത്യത്തെക്കുറിച്ചുള്ള ഈ റിപ്പോർട്ട് ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.