ഹൈദരാബാദ്: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയ്ക്കെതിരേ ബിജെപി എംഎൽഎ രാജാ സിംഗ് രംഗത്ത്. തെലങ്കാന ബ്രാൻഡ് അംബാസഡർ പദവിയിൽനിന്നു സാനിയയെ നീക്കണമെന്ന് രാജാ സിംഗ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനോട് ആവശ്യപ്പെട്ടു.
സാനിയ പാക്കിസ്ഥാന്റെ മരുമകളാണെന്നും സാനിയയെ നീക്കം ചെയ്യുന്നതിലൂടെ തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളിത്തമുള്ള പാകിസ്ഥാനു ശക്തമായ സന്ദേശം നൽകാൻ സാധിക്കുമെന്നുമാണു സിംഗിന്റെ വാദം. സാനിയയ്ക്കു പകരം ക്രിക്കറ്റ് താരം വി.വി.എസ്. ലക്ഷ്മണ്, ബാഡ്മിന്റണ്‍ താരങ്ങളായ സൈന നെഹ്വാൾ, പി.വി. സിന്ധു എന്നിവരിൽ ആരെയെങ്കിലും നിയമിക്കണമെന്നും ബിജെപി നേതാവ് ആവശ്യപ്പെടുന്നു. ഹൈദരാബാദിലെ ഘോഷാമഹൽ മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ് രാജാ സിംഗ്.
നേരത്തെ, പുൽവാമയിൽ ഭീകരാക്രമണത്തെക്കുറിച്ച് പരസ്യമായി പ്രതികരിക്കാതിരുന്ന പ്രമുഖരെ വിമർശിക്കുന്ന പ്രവണതയെ ചോദ്യം ചെയ്തു സാനിയ രംഗത്തെത്തിയിരുന്നു. താൻ തീവ്രവാദത്തിന് എതിരാണെന്നു തെളിയിക്കാൻ പരസ്യമായി ആക്രമണത്തെ അപലപിക്കുകയോ അലറി വിളിക്കുകയോ ചെയ്യേണ്ട കാര്യമില്ലെന്നും എക്കാലത്തും തീവ്രവാദത്തിനും അതു പ്രചരിപ്പിക്കുന്നവർക്കും എതിരാണു താനെന്നും സാനിയ ട്വിറ്ററിൽ കുറിച്ചു.
എന്നാൽ ഈ പോസ്റ്റിനു പിന്നാലെ താരത്തിനെതിരേ വീണ്ടും വിമർശനമുയർന്നു. ഭീകരാക്രമണത്തെ അപലപിച്ചുള്ള പോസ്റ്റിൽ പാക്കിസ്ഥാന്റെ പേരു പരാമർശിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷോയബ് മാലിക്കിനെയാണ് സാനിയ വിവാഹം ചെയ്തിരിക്കുന്നത്.