ചക്കിട്ടപാറ: അറുപതോളം വർഷമായി നെല്ലിക്കാമണ്ണിൽ ജോയിയും ഭാര്യ കത്രീനയും ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് വാർഡ് ഒൻപതിൽപെട്ട വില്യാരി – എടവനപ്പാറ- നരിനട പാതയുടെ ഓരത്ത് താമസിക്കുന്നു.
പെരുവണ്ണാമൂഴി അണക്കെട്ട് റിസർവോയർ തീരമാണിത്. ഒട്ടേറെ അയൽവാസികൾ ഇവർക്കുണ്ടായിരുന്നു. ഓരോരുത്തരായി താമസം മാറി. സഞ്ചരിക്കാൻ നല്ല വഴി പോലുമില്ല എന്നതാണു പ്രധാന കാരണം.
നരിനടക്കാരനായ ചക്കിട്ടപാറയുടെ ആദ്യ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ദേവസ്യയുടെ നേതൃത്വത്തിൽ 45 വർഷം മുമ്പു നാട്ടുകാർ വെട്ടിയ വഴി ഇന്നു കാടു പിടിച്ചും മഴയിൽ ചെളിക്കുളമായും കിടക്കുന്ന അവസ്ഥയാണെന്നു ജോയി ദീപികയോടു പറഞ്ഞു.
പഞ്ചായത്ത് പലരും തുടർന്നു ഭരിച്ചു. നല്ലവഴി തരണമെന്നു പല പ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും ഫണ്ടില്ല എന്ന മറുപടിയാണു കിട്ടുന്നത്.
75 വയസു കഴിഞ്ഞ ജോയി രോഗം ബാധിച്ചു അവശനാണ്. രണ്ടു വടികളുടെ സഹായത്തോടെയാണു അൽപ്പമെങ്കിലും നടക്കുന്നത്.
ഭാര്യ കത്രീനയുടെ സ്ഥിതിയും മറിച്ചല്ല. മോശമായ വഴിയിലൂടെ ഓട്ടോ പോലും വരില്ല. ആശുപത്രിയിൽ പോകണമെങ്കിൽ മക്കളില്ലാത്ത ഇവരെ ആരെങ്കിലും എടുക്കേണ്ടി വരും.
പള്ളിയിലും പോകണമെന്നുണ്ടെന്നു കത്രീന പറഞ്ഞു. ആരുമില്ലാത്തവർക്കു ദൈവം തുണയെന്ന വിശ്വാസമാണു ഈ വൃദ്ധ ദമ്പതികളെ ഇപ്പോൾ നയിക്കുന്നത്.