ഇ.അനീഷ്
കോഴിക്കോട്: സംസ്ഥാന ആഭ്യന്തരവകുപ്പിലും പോലീസിലും പുകഞ്ഞുകത്തി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കഞ്ചാവ് കടത്തികൊണ്ടു വന്ന ശേഷം അതു പിടിച്ചെടുത്ത് പോലീസ് തന്നെ ‘സ്റ്റാറാകുന്നു’ എന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മയക്കമരുന്ന് മാഫിയ ഹാപ്പിയാണ്.
മയക്കുമരുന്ന് മാഫിയയുടെ വേരറുക്കാന്‍ നിയോഗിച്ച ആന്‍ഡി നര്‍കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സ് (ഡാന്‍സാഫ്) ആകട്ടെ പുകമറയിലും.
ഒറ്റപ്പെട്ട സംഭവമെന്ന്
സംസ്ഥാനത്തിന്റെ തന്നെ അന്വേഷണ ഏജന്‍സിയായ ഇന്റലിജന്‍സാണ് തിരുവനന്തപുരം ചാക്കയില്‍നിന്ന് 110 കിലോയും കുമാരപുരത്തുനിന്ന് 150 കിലോയും കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ തിരുവനന്തപുരം ജില്ലാ ആന്‍ഡി നര്‍കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സിനെതിരേ റിപ്പോര്‍ട്ട് നല്‍കിയത്.
ഒരു ഒറ്റപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയതെങ്കിലും ഇതു സംസ്ഥാനത്തുടനീളമുള്ള ഡാന്‍സാഫിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നുറപ്പായി. അതേസമയം, ഇതു മയക്കുമരുന്ന് മാഫിയ ആഘോഷമാക്കുകയും ചെയ്യുന്നു.
ഹബ്ബ്
സംസ്ഥാനം മയക്കമരുന്നിന്റെ ഹബ്ബായി മാറിയതായി റിപ്പോര്‍ട്ടുകള്‍ പോലീസ് തന്നെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടത്. യുവതീ-യുവാക്കള്‍ കാമ്പസുകളില്‍ പോലും ലഹരി ഉപയോഗിക്കുന്നതായും ഇതു നാർക്കോട്ടിക് ജിഹാദ് ഉള്‍പ്പെടെ ലക്ഷ്യം വച്ചുകൊണ്ടാണെന്നും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
ഈ സാഹചര്യത്തില്‍ കൂടിയാണ് മയക്കുമരുന്ന് മാഫിയയുടെ വേരറുക്കാന്‍ രൂപീകരിച്ച ഡാന്‍സാഫ് പ്രതിക്കൂട്ടിലാകുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ലഹരിമരുന്നുമായി പടിയിലാകുന്ന പ്രതികളില്‍ വലിയൊരുവിഭാഗവും ഉന്നയിക്കുന്ന പ്രധാന ആരോപണം കൂടുതല്‍ ശക്തിയാര്‍ജിച്ചിരിക്കുകയാണ്.
ആരോപണം!
കോഴിക്കോട് ലോഡ്ജില്‍നിന്നു സ്ത്രീകള്‍ ഉള്‍പ്പെടെ വലിയൊരു ശൃംഖല പോലീസ് പിടിയിലായപ്പോള്‍ ഉന്നയിച്ച ആരോപണം പോലീസ് തന്നെ കഞ്ചാവ് കൊണ്ടുവച്ചു തങ്ങളെ പിടികൂടുകയായിരുന്നുവെന്നായിരുന്നു. എന്നാല്‍, പിന്നീട് തുടര്‍ അന്വേഷണത്തില്‍ പ്രതികള്‍ തന്നെയാണ് കഞ്ചാവും ലഹരി വസ്തുക്കളും ഉപയോഗിച്ചിരുന്നതെന്നു വ്യക്തമായി.
ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ട് സംസ്ഥാന ഇന്റലിജന്‍സ് തന്നെ പുറത്തുവിട്ട സാഹചര്യത്തില്‍ തുടര്‍ നടപടികളില്‍ ഡാന്‍സാഫ് നീരീക്ഷണത്തിലായിരിക്കും. പ്രത്യേകിച്ചും മയക്കുമരുന്നുകേസുകള്‍ കൂടുതലായി പിടിക്കാന്‍ ഉള്‍പ്പെടെയുള്ള ടാര്‍ജറ്റുകള്‍ സംസ്ഥാന പോലീസ് നല്കുന്ന സാഹചര്യത്തില്‍.
റിവാർഡ് കിട്ടാൻ ചതി
ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നു പോലീസ്തന്നെ നേരിട്ടുപോയി കഞ്ചാവ് കൊണ്ടുവരികയായിരുന്നുവെന്നാണ് ഇന്റലിജന്‍സ് എഡിജിപിക്കു നല്കിയ റിപ്പോര്‍ട്ട്. ഇതിനു നെയ്യാറ്റിന്‍കരയിലെ കഞ്ചാവുകടത്ത് സംഘത്തിന്റെ സഹായം ലഭിച്ചുവെന്നും സംശയിക്കുന്നു.
കൂടുതല്‍ കഞ്ചാവ് കൊണ്ടുവന്ന് കുറച്ചുഭാഗം ഈ സംഘങ്ങള്‍ക്കു നല്‍കിയോ എന്നു പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്. പോലീസ് ഉദ്യോഗസ്ഥനും കഞ്ചാവുകടത്ത് സംഘത്തലവനും ഒരുമിച്ചു വിമാനത്തില്‍ ബംഗളൂരുവില്‍ പോയതിന്റെ രേഖകളും തേടുന്നുണ്ട്.
കഞ്ചാവുമായി വരുന്നതിനിടയില്‍ ഒരുതവണ കേരള പോലീസ് സംഘം ആന്ധ്രാ പോലീസിന്റെ പിടിയിലായി. ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് തിരിച്ചെത്തിച്ചത്. ഉന്നത ഉദ്യോഗസ്ഥര്‍ നല്കിയ ക്വാട്ട തികയ്ക്കാനാണ് പ്രത്യേക സംഘം തട്ടിപ്പ് നടത്തിയതെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്.
വന്‍ കഞ്ചാവുവേട്ടകള് അന്വേഷണ സംഘങ്ങള്‍ക്ക് റിവാര്‍ഡും മറ്റ് ആനുകൂല്യങ്ങളും നേടിക്കൊടുക്കും. കഞ്ചാവിനൊപ്പം കൂട്ടിക്കൊണ്ടുവരുന്ന തമിഴ്നാട് സ്വദേശികളെ പ്രതികളാക്കുകയാണ് ചെയ്യുന്നത്. ഇതിനു കേരളത്തിലെ കഞ്ചാവുകടത്ത് സംഘങ്ങളുടെ സഹായമുള്ളതായും സംശയിക്കുന്നു.