സ്വന്തം ലേഖകൻ
വടക്കാഞ്ചേരി: മലാക്കയിൽ വീടിന് തീപിടിച്ചുണ്ടായ ദുരന്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. മലാക്ക പന്നിശ്ശേരി ആച്ചക്കോട്ടിൽവീട്ടിൽ പരേതനായ ജോസഫ്-ആനി ദന്പതികളുടെ മകൻ ഡാന്റേഴ്സ് ജോ(47) ആണ് മരിച്ചത്.
എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെ ഇന്നു രാവിലെ അഞ്ചരയോടെയായിരുന്നു മരണം. ഇതോടെ മലാക്ക ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഡാന്റേഴ്സ് ജോയുടെ രണ്ടു മക്കൾ തീപിടിത്തത്തിൽ വെന്തു മരിച്ചിരുന്നു. ഡാൻഫെലിസ്, സെലസ്മിയ എന്നിവർ ദുരന്തം നടന്ന അന്നുതന്നെ മരിച്ചിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്തോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. പാചകവാതകം ചോർന്നാണ് വീട്ടിൽ തീപിടിത്തം ഉണ്ടായത്. ഡാന്റേഴ്സിന്റെ ഭാര്യ ബിന്ദുവും ഒരു മകളും രക്ഷപ്പെട്ടിരുന്നു. മകൾ സെലസ്നിയയുടെ പരിക്ക് ഗുരുതരമല്ല.
ഗുരുതരമായി പൊള്ളലേറ്റ ഡാന്റേഴ്സിനേയും ബിന്ദുവിനേയും ആദ്യം തൃശുർ ജൂബിലി മിഷൻ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീടാണ് എറണാകുളത്തേക്ക് മാറ്റിയത്. ഡാന്റേഴ്സന്റെ മൃതദേഹം തൃശുർ മെഡിക്കൽ കോളേജിലെത്തിച്ച് പോസ്റ്റുമോർട്ടത്തിനു ശേഷം നാളെ വൈകീട്ട് നാലിന് മച്ചാട് സെന്റ് ആന്റണീസ് ദേവാലയത്തിൽ സംസ്കരിക്കും.