കുളത്തൂപ്പുഴ: നാലു പതിറ്റാണ്ടു നീണ്ട ദര്‍ഭക്കുളം ഭൂരഹിതരുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണുമെന്നുള്ള അധികൃതരുടെ പ്രഖ്യാപനം ജലരേഖയായി മാറുന്നു. നാല്പത്തിനാലു വര്‍ഷങ്ങളായി ഭൂരഹിതരായി ഉഴലുന്ന ദര്‍ഭക്കുളം നിവാസികളുടെ പ്രതിനിധികളെ വിളിച്ചു ചര്‍ച്ച നടത്തിയ റവന്യൂമന്ത്രിയും വനം വകുപ്പു മന്ത്രിയും ഉടന്‍ ഭൂമി കണ്ടെത്തി വിതരണം ചെയ്യുമെന്ന പ്രഖ്യാപനം നടത്തിയതിനു ശേഷമാണ് സമീപ പ്രദേശങ്ങളിലെ ഭൂപ്രശ്നങ്ങളായ റോസുമല, സാംനഗര്‍ എന്നിവ പട്ടയം നല്കി പരിഹരിച്ചത്.
എന്നാല്‍ ദര്‍ഭക്കുളം ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനായി ഭൂമി കണ്ടെത്തി നല്‍കുന്നതിനായി വിവിധ വകുപ്പുകളോട് ആവശ്യപ്പെട്ടുവെങ്കിലും തുടര്‍ നടപടികളില്ലാതെ ഫയലുകള്‍ എവിടെയോ ഉറങ്ങുകയാണ്. ഇതോടെ ലോകസഭാ തെരഞ്ഞെടുപ്പിനു മുമ്പായി സര്‍ക്കാരിന്റെയും വകുപ്പു മന്ത്രിമാരുടെയും പ്രഹസനമായിരുന്നു യോഗം വിളിക്കലും ചര്‍ച്ചകളുമെന്ന ആക്ഷേപം ഉയരുന്നു.
കിഴക്കന്‍ മലയോരത്ത് കല്ലാര്‍ വനമേഖലയില്‍ സ്വകാര്യവ്യക്തി സര്‍ക്കാരില്‍ നിന്നും പാട്ടത്തിനെടുത്ത് കൃഷി ചെയ്തു വന്നിരുന്ന ഭൂമി പാട്ടക്കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത് മിച്ചഭൂമിയായി പ്രഖ്യാപിക്കുകയും തുടര്‍ന്ന് പ്രദേശത്തെ ഭൂരഹിതരായവര്‍ക്ക് വിതരണം ചെയ്യാന്‍ 1975 ല്‍ വിജ്ഞാപനം ചെയ്യുകയുമായിരുന്നു.
സര്‍ക്കാര്‍ നിശ്ചയിച്ച ന്യായവില റവന്യൂവകുപ്പിലേക്ക് അടച്ച 154 പേര്‍ക്ക് ഒരേക്കര്‍വീതം ഭൂമി അനുവദിച്ച് അസൈന്മെന്റ് വിതരണം ചെയ്യുകയും ചെയ്തു.
എന്നാല്‍ അസൈന്മെന്റ് ലഭിച്ചവര്‍ തങ്ങള്‍ക്ക് അനുവദിച്ചുകിട്ടിയ സ്ഥലം റവന്യൂ ഉദ്യോഗസ്ഥരുടെ നിര്‍ദേശാനുസരണം കണ്ടെത്തി അതിര് തിരിച്ച് വേലികെട്ടുന്നതിനു ശ്രമിച്ചപ്പോഴാണ് തടസവാദവുമായി വനം വകുപ്പ് എത്തുന്നത്.
പ്രദേശം നിഷിപ്ത വനമേഖലയാണെന്നും അതിനാല്‍ സ്ഥലം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന നിലപാടില്‍ വനം വകുപ്പ് നാട്ടുകാരെ ഒഴിവാക്കി പ്രദേശം കൈയേറിയതോടെയാണ് ഇവര്‍ വീണ്ടും ഭൂരഹിതരായി മാറിയത്.
ഇക്കാലമത്രയും അധികാരത്തിലെത്തിയ സര്‍ക്കാരുകള്‍ക്ക് മുന്നില്‍ തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവശ്യപ്പെട്ട് മന്ത്രി മന്ദിരങ്ങളും സെക്രട്ടേറിയറ്റിലും കയറിയിറങ്ങിയെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയില്ല. അസൈന്മെന്റ് ലഭിച്ചവരില്‍ നല്ലൊരു പങ്കും വാര്‍ധക്യത്തിന്റെ പിടിയിലമര്‍ന്ന് ഇതിനോടകം കാലയവനികള്‍ക്കുള്ളില്‍ മറഞ്ഞു കഴിഞ്ഞു. നിലവില്‍ ജീവിച്ചിരിക്കുന്നവരും എഴുപതും എണ്‍പതുമൊക്കെയായ പലരും സ്വന്തം ആയി കിടപ്പാടമില്ലാതെ മറ്റുപലരുടെയും വീടുകളിലാണ് അന്തിയുറങ്ങുന്നതു പോലും.
ഇതിനിടെ മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇടമുളക്കല്‍ പഞ്ചായത്തില്‍ ദര്‍ഭക്കുളം ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനായി ഭൂമി കണ്ടെത്തിയെങ്കിലും അവസാനം മുഖ്യമന്ത്രിയുടെ ഭവന പദ്ധതിക്കായി വഴിമാറ്റിയതോടെ ആ പ്രതീക്ഷയും നഷ്ടപ്പെടുകയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് റവന്യൂ-വനം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട് വകുപ്പ് ഉന്നതരും ചേര്‍ന്ന് വിളിച്ചു ചേര്‍ത്ത സര്‍ക്കാര്‍തല യോഗത്തില്‍ സാംനഗര്‍ പട്ടയപ്രശ്നം പരിഹരിച്ചത് പോലെ റവന്യൂ വകുപ്പിന്റെ കൈവശത്തുള്ള ഭൂമി പകരമായി വിട്ടു നല്കിയാല് ദര്‍ഭക്കുളം ഭൂരഹിതര്‍ക്ക് ഭൂമി വിട്ടുനല്കുന്നതിനു തയാറാണെന്ന് ഉദ്യോഗസ്ഥ സംഘം അറിയിച്ചിരുന്നു.
ഇതിന് പ്രകാരം കുളത്തൂപ്പൂഴ മരുതിമൂടിനു സമീപത്തെ പ്ലാന്റേഷന് പ്രദേശം വനം വകുപ്പിലെയും റവന്യൂ വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതോടെ വീണ്ടും ഇവരുടെ സ്വപ്നങ്ങള്‍ക്ക് ജീവന് വച്ചുവെങ്കിലും അതും വകുപ്പുകളുടെ നടപടി ക്രമങ്ങളില്‍ കുരുങ്ങി അവസാനിക്കുകയായിരുന്നു.