ചെന്നൈ: തമിഴ് സിനിമ മേഖലയിൽ നടക്കുന്ന ആദായ നികുതി വകുപ്പിന്റെ റെയ്ഡ് രജനികാന്ത് നായകനായി പുറത്തിറങ്ങിയ പുതിയ ചിത്രമായ ദർബാറിന്റെ അണിയറ പ്രവർത്തകരിലേക്കും.
വിജയ് ഉൾപ്പെടെ തമിഴ്ചലച്ചിത്ര മേഖലയിലെ പ്രമുഖർക്കെതിരേ ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടന്നത്.
വിജയ് ചിത്രം ബിഗിലിന്റെ നിർമാതാക്കളായ എജിഎസ് എൻർടെയ്ൻമെന്റുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും മധുരയിലെ സിനിമാ നിർമാതാവ് അൻപു ചെഴിയന്റെ ഓഫീസിലും റെയ്ഡ് നടന്നിരുന്നു.
ഇതിനു പിന്നാലെയാണ് ദർബാറിന്റെ പിന്നണിയിലുള്ളവരും സംശയത്തിന്റെ നിഴലിലാണെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്.
വിജയ്യെ മുപ്പതു മണിക്കൂർ ചോദ്യം ചെയ്തശേഷം ഇന്നലെ രാത്രി ഒന്പതോടെയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽനിന്നു മടങ്ങിയത്. ബുധനാഴ്ച വൈകുന്നേരമാണ് ചോദ്യംചെയ്യൽ ആരംഭിച്ചത്.
ഭൂമി ഇടപാടിന്റെ രേഖകൾ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ആദായനികുതി വകുപ്പിന്റെ റെയ്ഡിനെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് വിജയ് പറഞ്ഞു.
നടൻ വിജയ്യുടെ പ്രതിഫലം, നിക്ഷേപം എന്നിവയെക്കുറിച്ച് അന്വേഷണം നടത്തുമെന്നും 300 കോടിയിലധികം രൂപ തമിഴ്സിനിമ മേഖല വെട്ടിച്ചിട്ടുണ്ടെന്നും ആദായനികുതി വകുപ്പ് പറഞ്ഞു.
കണക്കിൽപ്പെടാത്ത 300 കോടി രൂപ തേടിയാണ് റെയ്ഡ് നടത്തിയത്. അടുത്തിടെ പുറത്തിറങ്ങി തിയറ്ററിൽനിന്ന് 300 കോടി രൂപ കളക്ട് ചെയ്ത ഒരു ചിത്രവുമായി ബന്ധമുള്ളവരെയാണ് റെയ്ഡ് ചെയ്തതെന്നും ആദായനികുതി വകുപ്പ് പറഞ്ഞു.
അതേസമയം അൻപു ചെഴിയന്റെ ചെന്നൈ, മധുര കേന്ദ്രങ്ങളിൽനിന്ന് കണക്കിൽപ്പെടാത്ത 77 കോടി രൂപ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകളെ സിനിമയിലൂടെ വിമർശിക്കുന്ന വിജയ്യെ ഭയപ്പെടുത്താനാണ് റെയ്ഡുകൾ നടത്തുന്നതെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കെ.എസ്. അഴഗിരി പറഞ്ഞു.
2017 ൽ പുറത്തിറങ്ങിയ മെർസലിൽ ജിഎസ്ടിയെയും നോട്ട് നിരോധനത്തെയും വിജയ് കഥാപാത്രം വിമർശിച്ചിരുന്നു.
70 കോടി നഷ്ടം
എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ദർബാർ നാലായിരത്തോളം തിയേറ്ററുകളിൽ റിലീസ് ചെയ്തുവെങ്കിലും 70 കോടിയോളം നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോർട്ടുകളിൽ. ചിത്രമുണ്ടാക്കിയ നഷ്ടം രജനികാന്ത് നികത്തണമെന്നാവശ്യപ്പെട്ട് വിതരണക്കാർ കഴിഞ്ഞയാഴ്ച രംഗത്തെത്തിയിരുന്നു.
200 കോടി രൂപ ബജറ്റിൽ ലൈക്ക പ്രൊഡക്ഷൻസാണ് ദർബാർ നിർമിച്ചത്. ചിത്രത്തിനായി 90 കോടിയാണ് താരം വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.
നഷ്ടത്തിന്റെ ഒരു വിഹിതമെങ്കിലും നൽകാൻ രജനികാന്ത് തയ്യാറാകണമെന്നും വിതരണക്കാർ പറയുന്നു. ജനുവരി ഒൻപതിനായിരുന്നു പൊങ്കൽ റിലീസായി ചിത്രം തിയറ്ററിലെത്തിയത്.
അതേസമയം വിതരണക്കാരിൽ നിന്ന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് സംവിധായകൻ എ.ആർ മുരുഗദോസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.
മുരുഗദോസ് സംവിധാനം ചെയ്ത രജനീകാന്ത് ചിത്രം ദർബാർ വിതരണം ചെയ്ത ചില വിതരണക്കാർക്കെതിരെയാണ് പരാതി. ഈ വിതരണക്കാർ തന്നെ ആക്രമിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ പോലീസ് സംരക്ഷണം നൽകണമെന്നുമാണ് മുരുഗദോസിന്റെ പരാതി.