ദുബായി ഇൻഫ്ലുവൻസര്‍ അല്‍ റഫേലോ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത വീഡിയോ സൈബര്‍ലോകത്ത് ഇപ്പോള്‍ വൈറലാണ്. ഈജിപ്ഷ്യന്‍ താളവാദ്യമായ ദര്‍ബൂക്ക ഡ്രമില്‍ താളമിടാന്‍ വെല്ലുവിളിക്കുന്നതാണ് വീഡിയോ.
അല്‍ റഫേലോയുടെ ഭൂരിപക്ഷം വീഡിയോകളിലും ഈ വെല്ലുവിളിയാണ്. പലപ്പോഴും ഇരയാകുന്നത് ഇന്ത്യക്കാരും. ഇന്ത്യക്കാര്‍ക്ക് അധികം പരിചയമില്ലാത്ത ദര്ബൂക്കയില് താളംപിടിക്കുകയെന്നത് ശ്രമകരമായ കാര്യമാണ്. പരാജയമായിരിക്കും ഫലം.
വൈറല്‍ വീഡിയോയില്‍ ബുര്‍ജ് ഖലീഫയ്ക്ക് സമീപം നിന്ന ആളോട് എവിടെനിന്നാണ് വരുന്നതെന്ന് റഫേലോ ചോദിക്കുന്നു. ഇന്ത്യയെന്ന് പറയുമ്പോള്‍ പുച്ഛവും വിജയവും കലർന്ന ഭാവത്തില്‍ ദര്ബൂക്കയില് താളമിട്ടുകൊണ്ട് ഇന്ത്യക്കാരനോട് താളമിടാന്‍ വെല്ലുവിളിക്കുന്നു.
എന്നാല്‍ റഫേലോയെ ഞെട്ടിച്ചുകൊണ്ട് ആ ഇന്ത്യക്കാരന് ദര്ബൂക്കയില് തകര്‍പ്പന്‍ താളമിടുന്നു. കാണുന്ന ഒരോ ഇന്ത്യക്കാരനും രോമാഞ്ചമുണ്ടാക്കുന്നു വീഡിയോ. രണ്ടു ദിവസം കൊണ്ട് 60 മില്യണ്‍ ആളുകളാണ് ഈ വീഡിയോ കണ്ടത്.
അറബിയെ മലർത്തിയടിച്ച് ഇന്ത്യക്കാരുടെ അഭിമാനം കാക്കുകയെന്ന നിലയിലാണ് ഇന്ത്യൻ സൈബർ ലോകം ഈ വീഡിയോ കാണുന്നത്. അതുകൊണ്ട് തന്നെയാണ് വ്യൂസും ഷെയറും കുത്തനെ കൂടുന്നത്. റഫേലോ ചെയ്ത വീഡിയോകളില്‍ ഏറ്റവുമധികം വ്യൂസ് ഉള്ളതും ഈ വീഡിയോക്കാണ്.
റഫേലോയുടെ വെല്ലുവിളിക്ക് ചുട്ടമറുപടി നല്കിയ ആ ഇന്ത്യക്കാരന് ഒരു മലയാളിയാണ്. ഇടുക്കി തൊടുപുഴ സ്വദേശി അതുല്‍ ചിന്തുരാജാണ് ഈ മിടുക്കന്. അതുല്‍ വിസിറ്റിംഗ് വിസയില്‍ ദുബായി കാണാന്‍ എത്തിയതായിരുന്നു.
അതിനിടെയാണ് റഫേലോയെ കാണുന്നത്. സംഗീത കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന അതുല്‍ ഡ്രംസ് വായനയില്‍ വിദഗ്ധനാണ്. സംഗീത പരിപാടികളില്‍ ഡ്രംസ് വായിക്കുവാന്‍ പോകുന്ന അതുല്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ജാസ് ഡ്രംസില്‍ ഒന്നാസ്ഥനവും നേടിയിട്ടുണ്ട്.
ഡ്രംസിന് പുറമേ ദര്‍ബൂക്ക, തബല, ചെണ്ട, കീ ബോര്‍ഡ്, ഗിത്താർ എന്നിവയും വശമുണ്ട്. ഗന്ധര്‍വ്വ സ്കൂള്‍ ഓഫ് മ്യൂസിക് എന്ന സംഗീത സ്കൂള്‍ നടത്തുന്ന പിന്നണിഗായകരായ ചിന്തുരാജിന്റെയും ബിന്ദുവിന്റെയും മകനാണ് അതുൽ.
അനിയൻ അഭിൽ വെസ്റ്റേൺ ഡാൻസറാണ്. ഡിഗ്രി പഠനം കഴിഞ്ഞ് വിദേശത്തേക്ക് പോകാന്‍ നില്‍ക്കുന്നതിനിടെയായിരുന്നു ദുബായി സന്ദര്‍ശനവും ഈ വൈറലാകലും.