നെയ്യാറ്റിൻകര: മണൽമാഫിയയ്ക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന ഡാർളി അമ്മൂമ്മയുടെ വീട്ടിലേയ്ക്ക് വൈദ്യുതിവെളിച്ചമെത്തിയതോടെ നെയ്യാറ്റിൻകര നഗരസഭയിലെ വൈദ്യുതീകരണ പദ്ധതി പൂർണ്ണമായും സാക്ഷാത്കരിക്കപ്പെട്ടു. ഉറ്റവരും ഉടയവരുമില്ലാതെ നെയ്യാറിന്റെ തീരത്തെ ഓലത്താന്നി കടവിൽ കഴിയുന്ന ഡാർളി അമ്മൂമ്മയുടെ വീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ കെ. ആൻസലൻ എംഎൽഎ, സമ്പൂർണ്ണമായി വൈദ്യൂതീകരിച്ച നഗരസഭയായി നെയ്യാറ്റിൻകരയെ പ്രഖ്യാപിച്ചു.
ചെയർപേഴ്സണ്‍ ഡബ്ല്യു.ആർ ഹീബ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പുന്നയ്ക്കാട് സജു, കൗണ്‍സിലർമാരായ എ. ലളിത, വിജയൻ, സുരേഷ്, ജോജിൻ, സത്യരാജ്, ഗ്രാമം പ്രവീണ്‍, സുനിതകുമാരി, നെയ്യാറ്റിൻകര ഡിവൈഎസ്പി ഹരികുമാർ എന്നിവർ സംബന്ധിച്ചു. നെയ്യാറ്റിൻകര നഗരസഭയിലെ 369 വീടുകളാണ് പൂർണ്ണമായും വൈദ്യൂതീകരിച്ചത്. 37 ലക്ഷം രൂപ പദ്ധതിക്കായി വിനിയോഗിച്ചു.
പദ്ധതി തുക എംഎൽഎ ഫണ്ട്, നഗരസഭ വിഹിതം എന്നിവയിൽ നിന്നാണ് ചെലവഴിച്ചതെന്ന് നഗരസഭ ചെയർപേഴ്സണ്‍ ഡബ്ല്യു.ആർ ഹീബ അറിയിച്ചു. വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ജനകീയമായാണ് നഗരസഭ ഈ പദ്ധതി പൂർത്തീകരിച്ചതെന്നും ഡാർളിയുടെതടക്കം പത്തു വീടുകളുടെ വയറിംഗ് പണികൾ ചെയ്തത് വിശ്വഭാരതിയുടെ സഹായത്തോടെയാണെന്നും ചെയർപേഴ്സണ്‍ വ്യക്തമാക്കി.