അമേരിക്കയിലെ ആഫ്രിക്കന്‍ വംശജന് ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തിനു പിന്നാലെ വര്‍ണവിവേചനം തുറന്നു പറഞ്ഞ് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തില്‍ ഒരാളായിരുന്നു വെസ്റ്റിന്‍ഡീസ് മുന്‍ ക്യാപ്റ്റന്‍ ഡാരെന്‍ സമി.
ഐ.പി.എല്ലില്‍ കളിക്കുന്നതിനിടെ വര്ണവിവേചനത്തിന് ഇരയായെന്ന് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ നിറം വര്‍ധിപ്പിക്കാനെന്ന പേരില്‍ അവതരിപ്പിച്ച ഫെയര്‍ ആന്റ് ലവ്ലി ക്രീം വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയെ പോലൊരിടത്ത് എങ്ങനെ സ്വീകരിക്കപ്പെട്ടുവെന്നാണ് സമി ചോദിക്കുന്നത്. കഴിഞ്ഞ ദിവസം ഔട്ട്ലുക്കിന് അനുവദിച്ച ഒരു അഭിമുഖത്തിലായിരുന്നു സമിയുടെ വാക്കുകള്‍.
”വെളുത്തവരാണ് സ്നേഹിക്കാന്‍ കൊള്ളാവുന്നവരെന്നാണ് നിങ്ങളുടെ ഫെയര്‍ ആന്റ് ലവ്ലി പരസ്യം പറയുന്നത്. നിറത്തിന്റെ പേരിലുള്ള വേര്‍തിരിവിനെയാണ് അത് സൂചിപ്പിക്കുന്നത്.” – സമി പറഞ്ഞു.
ഇന്ത്യയെ പോലെ ഇത്രയും വൈവിധ്യങ്ങളുള്ള ഒരു രാജ്യത്ത് ഇത്തരമൊരു ഉത്പന്നത്തിന് നാലു പതിറ്റാണ്ടോളം പിടിച്ചുനില്ക്കാന് സാധിച്ചതില്‍ അദ്ഭുതം തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെയര്‍ ആന്‍ഡ് ലവ്ലിയിലെ ഫെയര്‍ എടുത്തുമാറ്റാന്‍ ദിവസങ്ങള്‍ക്കു മുമ്പ് കമ്പനി തീരുമാനിച്ചിരുന്നു. തൊലിയുടെ നിറം വെളുപ്പിക്കാന്‍ സഹായിക്കുന്നുവെന്ന് അവകാശ വാദം ഉന്നയിക്കുന്ന യൂണിലിവറിന്റെ കോസ്മെറ്റിക് ഉത്പന്നങ്ങള്‍ക്കെതിരേ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു കമ്പനിയുടെ തീരുമാനം. റഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരത്തിനുശേഷമേ പുതിയ പേരിന്റെ പ്രഖ്യാപനമുണ്ടാവൂ.