ടി.ജി.ബൈജുനാഥ്
മായാനദിയിൽ ‘ബാവ് രാ മൻ…’പാടി മനസിൽ നിലാവുനിറച്ച ആ പെണ്കുട്ടി. കഥാപാത്രത്തിന്റെയും അഭിനേത്രിയുടെയും പേര് ഒന്നു
തന്നെ – ദർശന.
പിന്നീടു ദർശനയെ കണ്ടതു വിജയ് സൂപ്പറും പൗർണമിയും, വൈറസ് സിനിമകളിൽ. തമിഴിൽ കെ.വി. ആനന്ദിന്റെ കവൻ, ഇരുന്പു തിരൈ. സ്ക്രീൻ സ്പേസിന്റെ വലുപ്പ ച്ചെറുപ്പത്തിനപ്പുറം ഏതു വേഷത്തിലും സൂപ്പറെന്നു തീർച്ചപ്പെടുത്തിയ അഭിനയദ്യുതി.
ഈ കോവിഡ് ഇരുളിൽ സിനിമാലോകത്തിനു വെളിച്ചം പകർന്ന മഹേഷ് നാരായണൻ ചിത്രം സി യു സൂണിലേക്ക് ഫഹദ് ദർശനയെ വിളിച്ചു. ദർശന റോഷന്റെ നായികയായി, അനു സെബാസ്റ്റ്യനായി, ‘തുന്പീ വാ…’ പാടി, കൈയടി നേടി.
ദർശനയുടെ സിനിമകളിൽ ഇനി വരാനുള്ളത് രാജീവ് രവി, ആഷിക് അബു, വിനീത് ശ്രീനിവാസൻ ചിത്രങ്ങൾ – തുറമുഖം, പെണ്ണും ചെറുക്കനും, ഹൃദയം. ഫഹദ്, സൗബിൻ, ദർശന എന്നി വർ മുഖ്യവേഷങ്ങളിലെത്തുന്ന ‘ഇരുൾ’എന്ന ചിത്രത്തിന്റെ സെറ്റിലാണ് ഇപ്പോൾ ദർശന.
ദർശന രാജേന്ദ്രന്റെ ഇഷ്ടങ്ങളിലൂടെ…
തിയറ്റർ ഇഷ്ടം
പഠിച്ചതു ഗണിതശാസ്ത്രം, ഡൽഹി ലേഡി ശ്രീറാം കോളജിൽ. തുടർന്നു ലണ്ടനിൽ ഫൈനാൻഷ്യൽ ഇക്കണോമിക്സ് പഠിച്ചു. ചെന്നൈയിൽ മൂന്നര നാലു കൊല്ലം മൈക്രോ ഫൈനാൻസിൽ ജോലി.
അവിടെ തിയറ്റർ ചെയ്യുന്ന ഒരു സുഹൃത്ത് എന്നെ ഒരു മ്യൂസിക്കൽ തിയറ്ററിൽ ഓഡിഷനു കൊണ്ടുപോയി. അതിൽ കാസ്റ്റായി. വേറൊരു ലോകമായിരുന്നു അത്. എനിക്കതു വളരെ ഇഷ്ടമായി. പകൽ ഓഫീസിൽ.
രാത്രി ഏഴു മുതൽ റിഹേഴ്സൽ. അങ്ങനെ മൂന്നരക്കൊല്ലം. കുറേ സമയം കൂടി നാടകത്തിനു നല്കണമെന്നു തോന്നിയപ്പോൾ ജോലി വിടാൻ തീരുമാനിച്ചു. എപ്പോഴെങ്കിലും ബ്രേക്കെടുത്ത് ഓഫീസിൽ തിരികെ കയറാം എന്നു കരുതി.
പക്ഷേ, ഇതുവരെ തിരിച്ചുപോയിട്ടില്ല. തിയറ്റർ മാത്രമായി ജീവിച്ചുപോകാൻ വലിയ ബുദ്ധിമുട്ടായിരുന്നു. വേറെ എന്തൊക്കെ ചെയ്തുകൊണ്ട് തിയറ്ററിൽ തുടരാം എന്ന് ആലോചനയിലാണ് ഡബ്ബിങ്ങും സ്കൂളുകളിൽ പോയി കഥപറച്ചി ലും സിനിമയുമെല്ലാം വരുന്നത്. ഓരോന്നും വ്യത്യസ്ത രീതികളിൽ എൻജോയ് ചെയ്യുന്നു.
ഈ ‘പരീക്ഷണം’ ഇഷ്ടം
എല്ലാവരും ഡൗണായിരിക്കുന്ന ലോക്ഡൗൺ സമയത്താണ് ഫഹദിന്റെ കോൾ. ഒരു പരീക്ഷണ പ്രോജക്ടുണ്ട്. താത്പര്യമുണ്ടെങ്കിൽ സ്ക്രിപ്റ്റ് കേൾക്കാം, ഒന്നിച്ചു വർക്ക് ചെയ്യാം.
എനിക്ക് താത്പര്യമായി. ചില ദിവസങ്ങൾക്കു ശേഷം മഹേഷേട്ടന്റെ സ്ക്രിപ്റ്റുമായി എല്ലാവരും ഫഹദിന്റെ കൊച്ചിയിലെ അപ്പാർട്ട്മെന്റിൽ കൂടി. അടുത്ത അപ്പാർട്ട്മെന്റുകൾ വാടകയ്ക്കെടുത്ത് അവിടെ താമസിച്ച് 20 ദിവസത്തിനുള്ളിൽ ഷൂട്ടിംഗ് തീർത്തു. അതാണ് ‘സി യു സൂൺ’.
അനു ഇഷ്ടം
ലീഡ് റോളിലേക്കു വരണം എന്നൊന്നുമില്ലായിരുന്നു. എപ്പോഴും നല്ല കാരക്ടേഴ്സ് ചെയ്യണമെന്നേ ഉണ്ടായിരുന്നുള്ളൂ. മുന്പും ലീഡ് റോൾ
വന്നിട്ടുണ്ട്. പക്ഷേ, കഥാപാത്രം, കഥ ഇവയോട് അത്രമേൽ താത്പര്യം തോന്നിയാലേ വർക്ക് എടുക്കാറുള്ളൂ.
ചെറിയ കാരക്ടേഴ്സ് ആണെങ്കിലും ആ സ്പേസിൽ എങ്ങനെ വർക്ക് ചെയ്യാനാവും എന്നു നോക്കും. ഞാൻ ഏറെ ഇഷ്ടപ്പെട്ടു ചെയ്ത കഥാപാത്രമാണ് ഇതിലെ അനു.
ഫഹദ് എന്ന ഇഷ്ടം
ഫഹദ് ഫാസിലിന്റെ കൂടെയാണല്ലോ എന്നൊക്കെ ആലോചിച്ചാണ് സെറ്റിലേക്കു പോയത്. ഷൂട്ട് തുടങ്ങിയതിൽപ്പിന്നെ ഒപ്പം വർക്ക് ചെയ്യുന്നവരിൽ ഒരാൾ എന്ന പോലെയായി ഫഹദും.
കൂടെ വർക്ക് ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്നയാളാണു ഫഹദ്. അദ്ദേഹം പെർഫോം ചെയ്യുന്നതു കണ്ടുതന്നെ കുറേ പഠിക്കാനുണ്ട്. എന്റെയും റോഷന്റെയും സീൻ എടുത്താലുടൻ ഫഹദ് അതു കാണുമായിരുന്നു.
മഹേഷ് നാരായണൻ ഇഷ്ടം
അനു സെബാസ്റ്റ്യൻ എന്ന കഥാപാത്രം വളരെ മനോഹരമായി എഴുതപ്പെട്ടിരുന്നു. അതു തുറന്ന് അവതരിപ്പിക്കുക എന്നതു മാത്രമായിരുന്നു എന്റെ ജോലി. മഹേഷേട്ടൻ കൊണ്ടുവന്ന വഴികളിലൂടെ എനിക്കു പോയാൽ മതിയായിരുന്നു.
പൂർണമായി വിശ്വസിച്ച് ഒപ്പം സഞ്ചരിച്ചു. അദ്ദഹം ഏറെ സ്ട്രെയിറ്റ് ഫോർവേഡാണ്. തോന്നുന്നതു പറയും. അതിൽ കൂടുതലൊന്നും നമുക്ക് ആലോചിക്കേണ്ടി വരാറില്ല.
ഈ പടത്തിൽ എ നിക്കു കൂടുതൽ എക്സ്പ്ലോർ ചെയ്യാനുള്ള സമയമുണ്ടായിരുന്നു; അതിനുള്ള ഇടവും. അങ്ങനെ സ്വാഭാവികമായി വളർന്ന സീനുകളാണു ചെയ്തത്. അദ്ദേഹം കാരണമാണ് എന്റെ പെർഫോമൻസൊക്കെ ഇങ്ങനെ വന്നത്.
പാട്ട് ഇഷ്ടം
കുറച്ചേ പഠിച്ചിട്ടുള്ളുവെങ്കിലും തിയറ്ററിലെ ത്തും മുന്പേ പാട്ട് ഒപ്പമുണ്ട്. മായാനദിക്കു രണ്ടു കൊല്ലം മുന്പ് ഒരു തമാശയ്ക്കു റിക്കോർഡ് ചെയ്ത ‘ബാവ് രാ മൻ’ കവർ സോംഗ് എന്റെ ഒരു സുഹൃത്തു വഴി ലിയോണ കേട്ടിരുന്നു.
മായാനദി സെറ്റിൽ ലിയോണ അതു പ്ലേ ചെയ്തു. സിനിമയിലെ ഒരു സീനിൽ ഈ പാട്ടു പാടണമെന്നു ശ്യാമേട്ടൻ പറഞ്ഞു. അങ്ങനെ അതു സംഭവിച്ചു. സി യു സൂണിലെ സ്ക്രിപ്റ്റിൽ അനു ഒരു പാട്ട് പാടുന്നു എന്ന് എഴുതിയിരുന്നു.
ആകർഷ കമായതും എല്ലാവർക്കും അറിയുന്നതുമായ ു പാട്ടായിരിക്കണമെന്ന് അഭിപ്രായമുണ്ടായി. കുറച്ചുമാത്രം ഗിറ്റാർ അറിയുന്ന ഒരാൾക്കു യൂട്യൂബിൽ നോക്കി പഠിച്ചു പാടാൻ പറ്റുന്ന ഒരു പാട്ട്. അങ്ങനെയാണ് തുന്പീ വാ…എടുത്തത്.
ലോക്ഡൗണിൽ തുടങ്ങിയ ഒരു താത്പര്യമാണ് ഗിറ്റാർ. കുറച്ചേ എനിക്കറിയുമായിരുന്നുള്ളൂ. അറിയുന്നതു വച്ച് ഈ പാട്ട് മാനേജ് ചെയ്യാമെന്ന് സെറ്റിലുണ്ടായിരുന്ന സുഷിനും പറഞ്ഞു.
റോഷൻ എന്ന ഇഷ്ടം
ചെന്നൈയിൽ ഒരുമിച്ചു വർക്ക് ചെയ്തിട്ടില്ലെങ്കിലും അവിടത്തെ ചെറിയ തിയറ്റർ ഇടത്തിൽ റോഷനും ഞാനും സുഹൃത്തുക്കളായി. റോഷൻ മുംബൈയിലും ഞാൻ ചെന്നൈയിലും ബംഗളൂരിലുമായും തിയറ്റർ ചെയ്യുന്നുണ്ടായിരുന്നു.
തിരിച്ചു കൊച്ചിയിലേക്കു ഫിലിം വർക്കുമായി വന്നപ്പോഴും ഒരു നാടകം ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ‘എ വെരി നോർമൽ ഫാമിലി’ ചെയ്തത്. ഞങ്ങൾ പരസ്പരം ഓരോ വർക്കും ഫോളോ ചെയ്യുന്നവരാണ്.
വർക്കിംഗ് ഇക്വേഷൻ വളരെ കംഫർട്ടബിളാണ്. തന്നിലെ ആക്ടറിനെ ഇനിയും നന്നാക്കാനുള്ള വഴികളെക്കുറിച്ചാണ് എപ്പോഴും റോഷന്റെ ശ്രദ്ധ. ഇത്രയും കൊല്ലമായിട്ടും ഞാൻ റോഷനിൽ നിന്നു പഠിച്ചുകൊണ്ടേയിരിക്കുന്നു.
ഷൂട്ടിംഗിനു മൊബൈൽ മാത്രമല്ലായിരുന്നു. ഐ ഫോണിലായിരുന്നു വീഡിയോ കോളുകൾ. ഡെസ്ക് ടോപ്പ് സ്ക്രീൻ കാണിക്കുന്നതു ഷൂട്ട് ചെയ്യാൻ ഒരു കാമറ ഉണ്ടായിരുന്നു.
സ്ക്രീൻ, ടെക്ക് ഇവ അത്ര പരിചിതമല്ലാത്തതിനാൽ എനിക്ക് അതിന്റേതായ പേടിയുണ്ടായിരുന്നു. പക്ഷേ, ഈ ടീമിനൊപ്പം ചെയ്യുന്നതിന്റെ ആവേ ശം, എല്ലാവരും ഒന്നിച്ചു ചിന്തിച്ചു ചെയ്യുന്ന രീതി… അതൊക്കെ ഇഷ്ടമായി.
‘തുറമുഖ’ത്തിലെ ഇഷ്ടം
“തുറമുഖം’ നാടകത്തെ ബേസ് ചെയ്താണ് ‘തുറമുഖം സിനിമ. രാജീവേട്ടനൊപ്പം വർക്ക് ചെയ്യുക എന്ന സ്വപ്നം എല്ലാ ആക്ടേഴ്സിന്റെയും ടോപ് ലിസ്റ്റിലുണ്ടാവും. സെറ്റിലെ ഓരോ ദിവസവും പോയ ദിനത്തേക്കാൾ സ്പെഷലായി തോന്നി.
‘ഹൃദയ’ത്തിലെ ഇഷ്ടം
ചെന്നൈയിൽ ‘ഹൃദയം’ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്പോഴാണ് ലോക്ക്ഡൗണ് വന്നത്. വീനീതേട്ടന്റെ ആശയങ്ങളിലെ വ്യക്തതയിലും അദ്ദേഹത്തിനു നമ്മളിലുള്ള വിശ്വാസത്തിലുമാണ് ഞാൻ ‘ഹൃദയം’ ചെയ്തത്.
വിനീതേട്ടൻ ആക്ടറിനെ ഏറെ കംഫർട്ടബിളാക്കും. കോളജ് സീനുകളൊക്കെ എറെ എൻജോയ് ചെയ്താണ് ചെയ്തത്. ഞാൻ കോളജിൽ ആയ പോലെ തന്നെയുണ്ടായിരുന്നു. കാന്പസ് മൂവി മാത്രമല്ല ഹൃദയം.
‘സി യു സൂണ്’ കണ്ട് വിനീതേട്ടൻ ഇഷ്ടമായി എന്നു പറഞ്ഞതു തന്നെ വലിയ സന്തോഷം.
ആഷിക് സിനിമ ഇഷ്ടം
നാലു ഭാഗങ്ങളുള്ള ആന്തോളജിയിലെ ഒരു
ഭാഗമാണ് ആഷിക് അബു സംവിധാനം ചെയ്ത ‘പെണ്ണും ചെറുക്കനും’. അതിലാണ് ഞാനും റോഷനുമുള്ളത്. ഉണ്ണി ആറിന്റെ രചന. ഷൂട്ടിംഗ് നേരത്തേ കഴിഞ്ഞു.
ഒരുപോലെ ഇഷ്ടം
തിയറ്ററിൽ നിന്നു സിനിമയിലേക്കു കയറി എന്ന ചിന്തയില്ല. രണ്ടും എനിക്ക് ഒരുപോലെ താത്പര്യമാണ്. ആദ്യം തൊട്ടേ തിയറ്റർ എനിക്കു താത്പര്യമാണ്. ഇപ്പോഴും സ്റ്റേജിൽ കയറുന്പോൾ കിട്ടുന്ന ഫീൽ വേറെ ഒന്നിലും കിട്ടാറില്ല. അതു പോലെ തന്നെ സിനിമയിൽ വർക്ക് ചെയ്യുന്പോ ൾ കിട്ടുന്ന ഫീൽ വേറെ ഒന്നിലും കിട്ടുകയുമില്ല.
ഫാമിലി എന്ന ഇഷ്ടം
ചേച്ചിയും ഞാനും ചെയ്ത എല്ലാ എക്സ്പ്ലൊറേഷനും എന്റെ അമ്മയും അച്ഛനും കാരണമാണ്. ഫാമിലിയിൽ ഒരാൾ പെർഫോം ചെയ്യുന്പോൾ ബാക്കി മൂന്നുപേരും സപ്പോർട്ടാവും.
എന്റെ തെരഞ്ഞെടുപ്പുകളെയോ ഞാൻ എന്തൊക്കെ ചെയ്യുന്നു എന്നതിനെയോ ആരു ചോദ്യം ചെയ്താലും ആരു മനസിലാക്കിയില്ലെങ്കിലും എനിക്കു പ്രശ്നമുണ്ടായിട്ടില്ല. കാരണം, എന്റെ ഫാമിലിയും കുറേ സുഹൃത്തുക്കളും…അവർ എപ്പോഴും എല്ലാത്തിലും കൂടെയുണ്ടാവും.