ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെയും അദാനി ഗ്രൂപ്പിനെയും സംശയത്തിന്റെ നിഴലിൽ നിർത്തി പാർലമെന്റിൽ ചോദ്യം ചോദിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്രയ്ക്കെതിരായ ആരോപണങ്ങൾ ശരിവച്ച് വ്യവസായി ദർശൻ ഹിരാ നന്ദാനി.
മഹുവയുടെ പാർലമെന്റ് അക്കൗണ്ട് താൻ ഉപയോഗിച്ചിരുന്നതായി ഹിരാനന്ദാനി സമ്മതിച്ചു. ഹിരാ നന്ദാനിയുടെ പ്രസ്താവന ഉദ്ദരിച്ച് വാർത്താ എജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മോദിയെ അപകീർത്തിപ്പെടുത്താൻ അദാനിക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ചെന്നും വില കൂടിയ സമ്മാനങ്ങൾ തന്നിൽനിന്നു മഹുവ മൊയിത്ര കൈപ്പറ്റിയെന്നും വ്യവസായി പറഞ്ഞതായും റിപ്പോർട്ടിലുണ്ട്. എന്നാൽ ഹിരാ നന്ദാനിയുടെ എല്ലാ വ്യവസായവും പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തി പറയിച്ചതാണിതെന്നാണ് മഹുവ മൊയിത്ര എംപിയുടെ പ്രതികരണം.
അതേസമയം, ചോദ്യത്തിന് കോഴ ആരോപണത്തില്‍ എംപിക്കെതിരേ നല്കിയ പരാതിയില്‍ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റി മൊഴിയെടുക്കും. പരാതിക്കാരനായ നിഷികാന്ത് ദുബൈ എംപിയോട് 26 ന് ഹാജരാകാന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചു.
മഹുവയക്കെതിരായ തെളിവുകള്‍ സിബിഐക്ക് കൈമാറിയ അഭിഭാഷകന് ജെയ് ആനന്ദിനോടും അന്ന് തന്നെ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരാതിക്കാരുടെ മൊഴിയെടുത്ത ശേഷം മഹുവമൊയത്രയെയും വിളിച്ചു വരുത്തും.
ഹിരാനന്ദാനി ഗ്രൂപ്പിൽനിന്ന് രണ്ട് കോടിയോളം രൂപ മഹുവ കൈപ്പറ്റിയെന്നാണ് പ്രധാന ആരോപണം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 75 ലക്ഷം രൂപയും, ഐഫോണടക്കം വിലയേറിയ സമ്മാനങ്ങളും ഹിരാനന്ദാനി ഗ്രൂപ്പ് മഹുവക്ക് നൽകിയെന്നും ആക്ഷേപമുണ്ട്.