തളിപ്പറമ്പ്: അമ്മയ്ക്കൊപ്പം ഓഫീസിലെത്തിയ യുകെജി വിദ്യാർഥിയായ നാലരവയസുകാരൻ കുഴിയിൽവീണ് മുങ്ങി മരിച്ചു. കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ തളിപ്പറമ്പ് കുപ്പം സ്വദേശി പി.വി. രഘുനാഥിന്റെയും കണ്ണൂർ യൂണിവേഴ്സിറ്റി ജേർണലിസം വിഭാഗം ഓഫീസ് അസിസ്റ്റന്റ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ സ്മിതയുടെയും മകൻ ദർശ് ആണ് ദാരുണമായി മരിച്ചത്.
ഇന്നലെ അവധിദിവസമായതിനാൽ ദർശിനെയും കൂട്ടിയാണ് അമ്മ സ്മിത മാങ്ങാട്ടുപറമ്പിലെ കണ്ണൂർ സർവകലാശാല കാമ്പസിലെ ഓഫീസിലെത്തിയത്.
പുറത്ത് കളിക്കാൻ പോയ കുട്ടി ലിഫ്റ്റ് സ്ഥാപിക്കാനെടുത്ത കുഴിയിൽ അബദ്ധത്തിൽ വീഴുകയായിരുന്നുവെന്ന് കണ്ണപുരം പോലീസ് പറഞ്ഞു. കുഴിയിൽ നിറയെ വെള്ളമുണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് കമിഴ്ന്നുകിടക്കുന്ന നിലയിൽ കുട്ടിയെ കുഴിയിൽ കണ്ടെത്തിയത്.
ഉടൻതന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ യുകെജി വിദ്യാർഥിയാണ്. മാങ്ങാട്ടുപറമ്പിനടുത്ത് മാര്യാങ്കയത്താണ് രഘുനാഥും കുടുംബവും താമസിക്കുന്നത്.
കണ്ണൂർ ഉർസുലൈൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനി ദിയ സഹോദരിയാണ്. കണ്ണപുരം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്നുരാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിക്കും.