സിഡ്നി: ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്കോർ എന്ന നേട്ടം ഓസ്ട്രേലിയൻ താരം ഡാർസി ഷോർട്ടിന്. ജെഎൽടി കപ്പ് മത്സരത്തിൽ ക്വീൻസ് ലാൻഡിനെതിരേ തകർപ്പൻ ഇരട്ട സെഞ്ചുറി നേടി വെസ്റ്റേണ്‍ ഓസ്ട്രേലിയൻ താരമായ ഡാർസി ഷോർട്ട് ഞെട്ടിച്ചു.
148 പന്തിൽ 257 റണ്‍സ് ഷോർട്ട് അടിച്ചെടുത്തു. അതിൽ 15 ഫോറും 23 സിക്സും ഉൾപ്പെടും. സിക്സും ഫോറും മാത്രമായി 198 റണ്‍സാണ് ഷോർട്ട് നേടിയത്. ഏകദിനത്തിൽ ഏറ്റവും അധികം സിക്സർ നേടിയ റിക്കാർഡ് ഇതോടെ ഓസീസ് താരം സ്വന്തമാക്കി.
ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്കോർ എന്ന നേട്ടവും ഷോർട്ട് സ്വന്തമാക്കി. 268 റണ്‍സ് നേടിയ ഇംഗ്ലണ്ട് താരം അലി ബ്രൗണിന്റെ പേരിലാണ് ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ. 264 റണ്‍സെടുത്ത ഇന്ത്യൻ താരം രോഹിത് ശർമയാണ് രണ്ടാം സ്ഥാനത്ത്.
ഷോർട്ടിന്റെ ഇരട്ട സെഞ്ചുറിയുടെ ബലത്തിൽ 47 ഓവറിൽ 387 റണ്‍സ് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റേണ്‍ ഓസ്ട്രേലിയ സ്വന്തമാക്കി. ക്വീൻസ് ലാൻഡിന്റെ മറുപടി 271 റണ്‍സിൽ അവസാനിച്ചു. 116 റണ്‍സ് ജയം വെസ്റ്റേണ്‍ ഓസ്ട്രേലിയ നേടി.