നെയ്യാറ്റിന്‍കര: മെഗാ സ്റ്റാറുകളുടെ മെഗാ സൂപ്പര്‍ ബോഡി ഗാര്‍ഡ് മാറനല്ലൂര്‍ ദാസ് ഇനി ഓര്‍മ്മകളില്‍ മാത്രം. നാട്ടുകാരുടെയും പല അഭിനേതാക്കളുടെയുമൊക്കെ പ്രിയപ്പെട്ട ദാസണ്ണന് തികച്ചും അപ്രതീക്ഷിതമായാണ് ഇന്നലെ വിട ചൊല്ലിയത്.
അച്ചടക്കത്തിന്റെയും കൃത്യനിഷ്ഠയുടെയും ആള്‍രൂപമായ ദാസ് സിനിമാ ലൊക്കേഷനിലും മറ്റും സഹപ്രവര്‍ത്തകരായ ബോഡി ഗാര്‍ഡുമാര്‍ക്ക് മാതൃകയായിരുന്നു.
പ്രവാസ ജീവിതത്തിനു ശേഷമാണ് ചലച്ചിത്രമേഖലയിലെ പ്രൊഡക്ഷന്‍ വിഭാഗത്തില്‍ ദാസിന്റെ പ്രവേശം. ഏത് ആള്‍ക്കൂട്ടത്തിലും ശ്രദ്ധിക്കുന്ന വിധത്തിലുള്ള ആറടി ഉയരക്കാരന് അധികം വൈകാതെ മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുള്ള മെഗാ സ്റ്റാറുകളുടെ പോലും പേഴ്സണൽ സെക്യൂരിറ്റി ഓഫീസറായി.
ഏതു ലൊക്കേഷനിലും ദാസും സംഘവുമുണ്ടെങ്കില്‍ അന്യഭാഷയിലുള്ള സിനിമ പ്രവര്‍ത്തകരെയും സംബന്ധിച്ചിടത്തോളം വളരെ ആശ്വാസമാണ്.
തിരക്ക് നിയന്ത്രിക്കാനും അഭിനേതാക്കള്‍ക്ക് തിരക്കില്‍പ്പെടാതെ വന്നുപോകാനുമുള്ള കാര്യങ്ങളൊക്കെ ചിട്ടയോടെ ദാസ് കൈകാര്യം ചെയ്യും. നിലവില്‍ ദാസിന്റെ ഒപ്പം വനിതകള്‍ ഉള്‍പ്പെടെ നൂറോളം ബോഡി ഗാര്‍ഡുമാരുണ്ട്.
സിനിമ ലൊക്കേഷനുകളില്‍ മാത്രമല്ല, മറ്റു ചടങ്ങുകളുടെയും സ്ഥാപനങ്ങളുടെയുമൊക്കെ ഉദ്ഘാടന വേളകളിലും താരനിശ പോലുള്ള വേദികളിലും ഈ സുരക്ഷാ ടീമിന്റെ സാന്നിധ്യം മിക്ക അഭിനേതാക്കളും പരിഗണിച്ചിരുന്നു.
തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിലും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ദാസും സംഘവും താരങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ടു. സഫാരി സ്യൂട്ടിട്ട് പ്രത്യക്ഷപ്പെടുന്ന, ഒറ്റനോട്ടത്തില്‍ ഗൗരവക്കാരനാണെന്ന് തോന്നുന്ന, അദ്ദേഹത്തിന്റെ മുഖമുദ്ര സൗമ്യമായ പെരുമാറ്റമായിരുന്നു.
ഏറ്റെടുക്കുന്ന ദൗത്യം തികഞ്ഞ ഉത്തരവാദിത്വത്തോടെ പൂര്‍ത്തിയാക്കണമെന്നത് ഈ ബോഡി ഗാര്‍ഡിന് നിര്‍ബന്ധം. ചില സിനിമകളിലും അദ്ദേഹം അഭിനയിച്ചു.
പക്ഷെ, അതിനെക്കാള്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നതും ജോലിയെന്ന നിലയില്‍ ആത്മാര്‍ഥമായി ആസ്വദിച്ചിരുന്നതും പേഴ്സണൽ സെക്യൂരിറ്റി ഓഫീസറെന്ന കാവലാള്‍ കര്‍മം തന്നെ. സിനിമകളിലെ സെക്യൂരിറ്റി സൂപ്പർവൈസറും നടനുമായിരുന്ന മാറനല്ലൂർ ദാസിന്റെ സംസ്കാരം ഇന്നു നടക്കും. ഭാര്യ: ഷൈജ. മക്കൾ: നൈന ദാസ്, നയൻ ദാസ്.