ടി.പി.സന്തോഷ്കുമാർ
തൊടുപുഴ: മലയാളികളുടെ മനസിൽ ഇടം നേടിയ ജോർജ്കുട്ടിയും കുടുംബവും വീണ്ടും തൊടുപുഴയിലെത്തുന്പോൾ മനസു കൊണ്ട് ഏറെ ആഹ്ലാദിക്കുകയാണ് ദാസ് തൊടുപുഴയെന്ന ലൊക്കേഷൻ മാനേജർ. കോവിഡും ലോക്ക് ഡൗണും ദാസിനെപ്പോലുള്ള സിനിമ പ്രവർത്തകരുടെ ജീവിതപാതയിൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയായിരുന്നു.
ഇതോടെ കടുത്ത പ്രതിസന്ധിയിലായിരുന്നു ദാസിനെപ്പോലെയുള്ള ലൊക്കേഷൻ മാനേജർമാരും ആർട്ട് വർക്ക് ചെയ്യുന്നവരും. വീണ്ടും ഷൂട്ടിംഗുകൾ പുനരാരംഭിക്കുന്നത് ഏറെ പ്രതീക്ഷയോടെയാണ് ഇവർ കാണുന്നത്.
മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ജിത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്ത മെഗാ ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ദൃശ്യം- 2 വിന്റെ ഷൂട്ടിംഗ് ഈ മാസം അഞ്ചിനാണ് തൊടുപുഴയിൽ ആരംഭിക്കുന്നത്.
എറണാകുളം , തൊടുപുഴ എന്നിവിടങ്ങളിൾ പ്രധാന ലൊക്കേഷൻ ആകുന്ന സിനിമയുടെ തിരക്കിലാണ് ഇപ്പോൾ ദാസ്. ഇദ്ദേഹം ലൊക്കേഷൻ മാനേജരാകുന്ന 155-ാമത്തെ സിനിമയാണ് ദൃശ്യം-2.
വീട് മോഡിഫിക്കേഷൻ
കഴിഞ്ഞ 21 ന് എറണാകുളത്ത് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു. എന്നാൽ ചിത്രത്തിന്റെ മർമപ്രധാനമായ രംഗങ്ങൾ ചിത്രീകരിക്കുന്നത് തൊടുപുഴ വഴിത്തലയിലാണ്.
ആദ്യഭാഗത്തിൽ മോഹൻലാൽ അവതരിപ്പിച്ച ജോർജ് കുട്ടിയുടെ കുടുംബം താമസിക്കുന്ന വഴിത്തലയിലുള്ള മഠത്തിപ്പറന്പിൽ ജോസഫിന്റെ വീട്ടിൽ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗിനായി ആർട്ട് വിഭാഗത്തിന്റെ നേതൃത്വത്തിൽ സെറ്റ് ഒരുക്കുകയാണ്.
കാഞ്ഞാർ കൈപ്പയിലും സിനിമക്ക് വേണ്ടിയുള്ള സെറ്റിന്റെ ജോലികൾ ഉടൻ ആരംഭിക്കും. ദൃശ്യം ആദ്യഭാഗത്തിൽ വഴിത്തലയിലെ മഠത്തിപ്പറന്പിൽ വീടിന് ചെറിയ രൂപമാറ്റം വരുത്തിയിരുന്നു. പിന്നീട് ഉലകനായകൻ കമലഹാസനും ഗൗതമിയും അഭിനയിച്ച പാപനാശത്തിനായി തമിഴ് രീതിയിലും വീടിന് മാറ്റം വരുത്തി.
എന്നാൽ വർഷങ്ങൾക്ക് ശേഷം ജോർജ് കുട്ടിയും കുടുംബവും വീണ്ടും എത്തുന്പോൾ മഠത്തിപ്പറന്പിൽ വീട് ദാസിന്റെ മേൽനോട്ടത്തിൽ കൂടുതൽ സുന്ദരമാവുകയാണ്. മുൻവശത്ത് നീളത്തിലുള്ള വീതികുറഞ്ഞ ചെറിയ വരാന്തയും വലതു വശത്ത് ഒരു മുറിയും കാർ പോച്ചും മുൻവശത്തെ ഓട് കാണാത്ത വിധം പുതുതായി വാർത്തിട്ടുമുണ്ട്.
ജോർജുകുട്ടി തിയറ്റർ ഉടമയൊക്കെ ആയതോടെയാണ് വീടിന് അൽപ്പ സ്വൽപ്പം പരിഷ്ക്കാരമൊക്കെ വരുത്തിയത്. വർഷങ്ങൾ ഏറെ കഴിഞ്ഞെങ്കിലും കർഷകനായ ജോർജ് കുട്ടിയുടെ വീടിന്റെ ചുറ്റിലും ഇപ്പോഴും വാഴയും കപ്പയും മറ്റ് കാർഷിക വിളകളും ജമന്തി,
മുല്ല, റോസ, സൂര്യകാന്തി എന്നിങ്ങനെ വിവിധ നിറങ്ങളിലുള്ള പൂക്കളും സുലഭമായി വളർന്നിട്ടുമുണ്ട്. സത്യൻ അന്തിക്കാടിന്റെ രസതന്ത്രം ആണ് ദാസ് ലൊക്കേഷൻ മാനേജരായ ആദ്യ ചിത്രം. പിന്നീട് ഹിറ്റുകളായി മാറിയ ഒട്ടേറെ സിനിമകളുടെ പിന്നിൽ ദാസ് തൊടുപുഴയുണ്ടായിരുന്നു.