കൊച്ചി: വാഹനാപകടങ്ങളുടെ കാരണമെന്തെന്നും ഉത്തരവാദികളാരാണെന്നും കണ്ടെത്താൻ പൊതുവാഹനങ്ങളിൽ ഡാഷ് കാമുകൾ (കാമറകൾ) സ്ഥാപിക്കേണ്ട കാലം അതിക്രമിച്ചെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. കോഴിക്കോട് പേരാന്പ്രയിൽ ബസിടിച്ച് സ്ത്രീ മരിച്ച കേസിൽ അറസ്റ്റിലായ ബസ് ഡ്രൈവർ സുനീഷ് നൽകിയ ജാമ്യാപേക്ഷയിലാണു ഹൈക്കോടതി നിർദേശം നൽകിയത്.
സംസ്ഥാനത്തു രണ്ടു ദശാബ്ദമായി പ്രതിവർഷം 40,000 അപകടങ്ങൾ ഉണ്ടാകുന്നെന്നു കോടതി ചൂണ്ടിക്കാട്ടി. 2018ൽ 4199 പേരാണ് അപകടത്തിൽ മരിച്ചത്. 31,000 പേർക്ക് ഗുരുതരമായി പരിക്കേറ്റു. മിക്ക കേസുകളിലും അന്വേഷണ ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുകൊണ്ടു പ്രതികളെ കണ്ടെത്താൻ കഴിയുന്നില്ല. നൂതന സാങ്കേതികവിദ്യ ഉപയോഗിക്കാത്തതും പഴഞ്ചൻ അന്വേഷണ രീതിയും സാക്ഷികൾ കാട്ടുന്ന നിസംഗതയും നിമിത്തം പ്രതികൾ പലപ്പോഴും രക്ഷപ്പെടുകയാണെന്നും കോടതി നിരീക്ഷിച്ചു.
യൂറോപ്യൻ രാജ്യങ്ങളിലും റഷ്യയിലും വാഹനങ്ങളിൽ ഡാഷ് കാം സ്ഥാപിക്കണമെന്നു നിർബന്ധമുണ്ട്. ഇൻഷ്വറൻസ് ക്ലെയിം തീർപ്പാക്കാനും ഇതു സഹായിക്കും. അപകട കാരണം, വാഹനം ഓടിച്ചിരുന്നതാര്, തുടങ്ങിയ വിവരങ്ങളെല്ലാം ഡാഷ് കാമിലെ ദൃശ്യങ്ങളിൽനിന്നു ലഭിക്കും.
ഇത്തരം കാമറ ഉള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കും. പൊതുവാഹനങ്ങൾ ഓടിക്കുന്നവരെ നിരീക്ഷിക്കാൻ സംവിധാനമില്ല. ഡ്രൈവറായി നിയോഗിക്കുംമുന്പ് ഇവരുടെ വിവരങ്ങൾ പരിശോധിക്കാറില്ല. ഇത്തരക്കാരുടെ ഡ്രൈവിംഗ് രീതികൾ നിരീക്ഷിക്കാനോ അശ്രദ്ധമായി വാഹനം ഓടിക്കുന്നവരെ തടയാനോ നിലവിൽ സംവിധാനമില്ല. പാതകൾ ശവപ്പറന്പാകാൻ അനുവദിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.
5000 രൂപയിൽ താഴെ വിലയുള്ള ഡാഷ് കാമുകളിൽ ദൃശ്യങ്ങൾ ആഴ്ചകളോളം റെക്കോർഡ് ചെയ്യാൻ കഴിയുമെന്നു വ്യക്തമാക്കിയ സിംഗിൾ ബെഞ്ച് ഇക്കാര്യത്തിൽ സർക്കാർ സത്യവാങ്മൂലം നൽകാനും നിർദേശിച്ചു.