തിരുവനന്തപുരം: പോലീസിൽ ഉന്നത ഉദ്യോഗസ്ഥർ കീഴ്ജീവനക്കാരെ ഉപയോഗിച്ച് ദാസ്യപ്പണി ചെയ്യിപ്പിക്കുന്നതിന് സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇക്കാര്യത്തിൽ ഗുരുതര വീഴ്ചയാണ് സർക്കാരിന് സംഭവിച്ചിരിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്തു തെറ്റ് ചെയ്താലും സർക്കാർ സംരക്ഷിക്കുന്നതു കൊണ്ടാണ് തുടർച്ചയായി നിയമ ലംഘനങ്ങളുണ്ടാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിഷയത്തിൽ സർക്കാർ ആത്മാർഥമായ സമീപനം സ്വീകരിക്കുന്നില്ല. കുറ്റക്കാരായ പോലീസുകാർക്കെതിരേ ആഭ്യന്തരവകുപ്പ് കർശനമായ നടപടികൾ സ്വീകരിക്കണം. പോലീസിലെ ദാസ്യപ്പണി സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ വാദങ്ങളെല്ലാം തെറ്റാണ്. നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചു വരുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.