തൊടുപുഴ: പോലീസിന്റെ ഔദ്യോഗിക ഡേറ്റാബേസിൽനിന്നു ബിജെപി-ആർഎസ്എസ് നേതാക്കളുടെ വ്യക്തി വിവരങ്ങൾ എസ്ഡിപിഐക്കു ചോർത്തി നൽകിയ സംഭവത്തിൽ പോലീസുകാരനെ പിരിച്ചുവിടാൻ നടപടി തുടങ്ങി.
സിപിഒയ്ക്കെതിരേ വകുപ്പുതല അന്വേഷണ റിപ്പോർട്ടിൽ ചോർത്തൽ സ്ഥിരീകരിച്ചതോടെയാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
കരിമണ്ണൂർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായിരുന്ന പി.കെ.അനസിന്റെ വിവരം ചോർത്തൽ ശരിവച്ചു നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എ. ജി. ലാലാണ് ജില്ലാ പോലീസ് മേധാവി ആർ.കറുപ്പസ്വാമിക്ക് റിപ്പോർട്ട് നൽകിയത്.റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസുകാരനു ജില്ലാ പോലീസ് മേധാവി കാരണം കാണിക്കൽ നോട്ടീസ് അയച്ചു.
ജോലിയിൽനിന്നു പിരിച്ചുവിടാതിരിക്കാൻ എന്തെങ്കിലും കാരണങ്ങളുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അനസ് ഗുരുതരമായ കൃത്യവിലോപം കാണിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. വിവരങ്ങൾ ചോർത്തിയതിന്റെ ഡിജിറ്റൽ റിക്കാർഡുകളും ശേഖരിച്ചിട്ടുണ്ട്.
ഡിസംബർ മൂന്നിന് മുണ്ടൻമുടി സ്വദേശിയായ കെഎസ്ആർടിസി കണ്ടക്ടറെ പ്രവാചക വിരുദ്ധ പോസ്റ്റ് ഫേസ്ബുക്കിൽ ഷെയർ ചെയ്തുവെന്നാരോപിച്ചു ബസ് യാത്രയ്ക്കിടെ മങ്ങാട്ടുകവലയിൽ വച്ച് ഒരുസംഘം എസ്ഡിപിഐ പ്രവർത്തകർ മക്കളുടെ കണ്മുന്നിൽ ക്രൂരമായി മർദിച്ചിരുന്നു.
സംഭവത്തിൽ പിടിയിലായ പ്രതികളെ ചോദ്യം ചെയ്യുകയും ഇവരുടെ മൊബൈൽ ഫോണുകൾ പരിശോ ധിക്കുകയും ചെയ്തപ്പോഴാണ് പോലീസിന്റെ ഡേറ്റാബേസിൽ നിന്നുള്ള വിവരങ്ങൾ ചോർന്നതായി കണ്ടെത്തിയതും അന്വേഷണം അനസിലേക്ക് എത്തിയതും.
പോലീസ് ശേഖരിച്ച വിവരങ്ങൾ ഇവരുടെ മൊബൈൽ ഫോണിൽ കണ്ടെത്തുകയായിരുന്നു.പോലീസ് സ്റ്റേഷനിലെ കംപ്യൂട്ടറിൽനിന്നുള്ള ഡേറ്റ സ്വന്തം മെയിലിലേക്കു മാറ്റിയശേഷം അനസ് വാട്സ് ആപ് വഴി മർദനക്കേസിലെ പ്രതിയായ വണ്ണപ്പുറം സ്വദേശി ഷാനവാസിന് അയച്ചുനൽകുകയായിരുന്നു.
പ്രാഥമികാന്വേഷണത്തിൽ അനസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെത്തുടർന്ന് ഇടുക്കിയിലേക്കു സ്ഥലം മാറ്റുകയും പിന്നീട് സസ്പെൻഡ് ചെയ്യുകയുമായിരുന്നു.