തൃക്കരിപ്പൂർ: ശമ്പള കുടിശിക വരുത്തിയതിൽ മനംനൊന്ത് ജീവനൊടുക്കിയ തൃക്കരിപ്പൂർ പേക്കടത്തെ ജഗദീശൻ ഓർമയായിട്ട് ഇന്ന് ഒരു വർഷം. ആരോഗ്യ വകുപ്പിലെ താൽക്കാലിക ജീവനക്കാരനായിരുന്ന പേക്കടത്തെ കോണ്ഗ്രസ് സജീവ പ്രവർത്തകന്റെ കുടുംബത്തിന് ആരോഗ്യ മന്ത്രി നൽകിയ ഉറപ്പ് പാഴ് വാക്കായി. കുടുംബത്തിലൊരാൾക്ക് ജോലിയും സർക്കാർ സാന്പത്തിക സഹായവുമെന്ന പ്രതീക്ഷയിൽ ജഗദീശന്റെ കുടുംബം കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു.
പേക്കടം കുറുവാപ്പള്ളി അറയുടെ വടക്കുഭാഗത്തെ വീട്ടിൽ മകന്റെ ഓർമകളുമായി കഴിയുന്ന മാതാവ് എഴുപത്തിയഞ്ച് കഴിഞ്ഞ ടി. കുഞ്ഞിപാറു മകന്റെ വേർപാടിന്റെ വേദനയിൽ നിന്നും ഇനിയും മുക്തയായിട്ടില്ല. കുടുംബത്തിന് വേണ്ടി ജീവിച്ച മകനായിരുന്നു അവിവാഹിതനായിരുന്ന ജഗദീശൻ. അഞ്ചര വർഷം കാസർഗോഡ് വെക്ടർ കണ്ട്രോൾ യൂണിറ്റിലെ താൽക്കാലിക ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന ജഗദീശൻ.
2017 മാർച്ച് 22നാണ് തിരുവനന്തപുരം ടൂറിസ്റ്റ് ഹോമിൽ ജഗദീശൻ ജീവനൊടുക്കിയത്. ജഗദീനുൾപ്പെടെ കേരളത്തിലെ അഞ്ഞൂറോളം വരുന്ന ആരോഗ്യ വകുപ്പിലെ കരാർ ജീവനക്കാരെ പതിനൊന്ന് മാസത്തെ ശന്പള കുടിശിക നൽകാതെയാണ് എൽഡിഎഫ് സർക്കാർ പിരിച്ചുവിട്ടിരുന്നത്. ശന്പള കുടിശികയും പുനർനിയമനത്തിനും വേണ്ടിയായിരുന്നു ജഗദീശൻ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് പോയത്.
ശന്പള കുടിശിക നൽകാതെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിൽ മനംനൊന്താണ് ജീവനൊടുക്കുന്നതെന്ന് ജഗദീശന്റെ ആത്മഹത്യ കുറിപ്പിൽ പറഞ്ഞിരുന്നു. തൊട്ടടുത്ത ദിവസം ജഗദീശന്റെ മൃതദേഹവുമായി സഹപ്രവർത്തകർ മന്ത്രിമാരുടെ ഇടപെടലിനായി സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധ സമരം പോലും നടത്തിയിരുന്നു.
യുഡിഎഫ് സർക്കാറിന്റെ കാലത്താണ് ആരോഗ്യ വകുപ്പിൽ ഇവർക്ക് താൽക്കാലിക നിയമനം ലഭിച്ചിരുന്നത്. മൂന്ന് മാസത്തിലൊരിക്കൽ നിയമനോത്തരവ് പുതുക്കി നൽകിക്കൊണ്ടായായിരുന്നു ഇവർ ജോലി തുടർന്നിരുന്നത്. 2016 സപ്തംന്പറിലാണ് ഇടതു സർക്കാർ പൊടുന്നനെ കരാർ അവസാനിപ്പിച്ച് ഇവരെ പിരിച്ചുവിട്ടത്.
ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തൃക്കരിപ്പൂർ എംഎൽഎ എം. രാജഗോപാലൻ തുടങ്ങിയവർ ജഗദീശന്റെ വീട് സന്ദർശിച്ചിരുന്നു. വീട്ടിലെ കാര്യങ്ങൾ ചോദിച്ചു മനസിലാക്കിയ ആരോഗ്യ വകുപ്പ് മന്ത്രി കുടുംബത്തിലെ ഒരാൾക്ക് ജോലി ലഭിക്കുന്നതിനും കുടുംബത്തിന് സാന്പത്തിക സഹായം ലഭിക്കുന്നതിനും സർക്കാരിൽ അപേക്ഷ നൽകാൻ നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്ക് കുഞ്ഞിപ്പാറു അപേക്ഷ നൽകിയത്. എന്നാൽ ഇതിന്റെ തുടർ നടപടികളൊന്നുമുണ്ടായിട്ടില്ല.