മഹാരാഷ്ട്ര സ്വദേശി സ്വന്തമായി നിർമിച്ച വാഹനം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.‘ഹിസ്റ്റോറിക്കാനോ’ എന്ന യൂട്യൂബ് ചാനൽ അപ്ലോഡ് ചെയ്ത വീഡിയോയിലൂടെയാണ് ദത്താത്രയയുടെ സൃഷ്ടി ലോകം അറിഞ്ഞത്. ഹെഡ്ലൈറ്റുകളും ഫ്രണ്ട് ഗ്രില്ലും വിൻഡ്ഷീൽഡും ഉൾപ്പെടെ ഒരു നാല് ചക്ര വാഹനത്തിന്റെ എല്ലാ അവശ്യഭാഗങ്ങളും വാഹനത്തിനുണ്ട്.
വിദ്യാഭ്യാസം കുറവാണെങ്കിലും ദത്താത്രയ വെറും 60,000 രൂപയ്ക്ക് പാഴ്വസ്തുക്കൾ ഉപയോഗിച്ചാണ് കാർ നിർമ്മിച്ചത്. ഉപേക്ഷിക്കപ്പെട്ട പഴയ കാറുകളുടെ ഭാഗങ്ങളാണ് വാഹനത്തിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചത്. പൂർണ്ണമായും പ്രവർത്തനക്ഷമമായ ഒരു കാർ നിർമ്മിക്കാൻ ആവശ്യമായ എല്ലാ സാധനങ്ങളും ഇത്തരത്തിൽ ശേഖരിച്ചു.
മഹാരാഷ്ട്രയിലെ ഡെക്രാഷ്ട്രെ ഗ്രാമത്തിൽ താമസിക്കുന്ന ദത്താത്രയയുടെ കുടുംബം പാരമ്പര്യമായി ഇരുമ്പ് പണി ചെയ്യുന്നവരാണ്. സ്വന്തമായി ഒരു കാർ എന്ന മകന്റെ ആഗ്രഹം നിറവേറ്റാനാണ് അദ്ദേഹം ഇങ്ങനെ ഒരു ശ്രമം നടത്തിയത്. ഹെഡ്ലൈറ്റുകളും ഫ്രണ്ട് ഗ്രില്ലും വിൻഡ്ഷീൽഡും ഉൾപ്പെടെ ഒരു നാല് ചക്ര വാഹനത്തിന്റെ എല്ലാ അവശ്യഭാഗങ്ങളും വാഹനത്തിനുണ്ട്.
പെട്രോളിൽ ഓടുന്ന വാഹത്തിൽ നാല് പേർക്ക് യാത്ര ചെയ്യാമെന്നും വീഡിയോയിൽ നിന്ന് വ്യക്തമാണ്. ഇടതു വശത്താണ് സ്റ്റിയറിംഗ്. വാഹനത്തിന് 50 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമെന്നും അദ്ദേഹം വീഡിയോയിൽ അവകാശപ്പെടുന്നുണ്ട്.
മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും വീഡിയോ കണ്ട് ദത്താത്രയയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ വാഹനം യാതൊരു മാനദണ്ഡങ്ങളും പാലിച്ചല്ല നിർമിച്ചിരിക്കുന്നതെന്നും എന്നാൽ അദ്ദേഹത്തിന്റെ കഴിവിനെ ഒരിക്കലും അഭിനന്ദിക്കാതിരിക്കാൻ സാധിക്കില്ലെന്നുമുള്ള കുറിപ്പോടെയാണ് മഹീന്ദ്ര തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ദത്താത്രയയെക്കുറിച്ച് എഴുതിയത്. കൂടാതെ ആ വാഹനം തനിയ്ക്ക് തന്നാൽ മഹീന്ദ്ര ബോലേറോ നൽകാമെന്ന വാഗ്ദാനവും മഹീന്ദ്ര മുന്നോട്ട് വച്ചിട്ടുണ്ട്.