പുതിയ തലമുറയ്ക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന ആവശ്യം, ഇന്റര്‍നെറ്റും സാമൂഹിക മാധ്യമങ്ങളും വ്യാപകമായതോടെ ഉയര്‍ന്ന് വന്നിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യയിലെ പ്രശസ്ത ഡേറ്റിംഗ് ആപ്പായ ടിന്‍ഡര്‍ ഇന്ത്യ, തങ്ങളുടെ സാമൂഹിക മാധ്യമ പേജിലൂടെ khushi എന്ന എക്സ് ഉപയോക്താവിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.
‘ഇപ്പോൾ 9-ാം ക്ലാസ് പാഠപുസ്തകങ്ങൾ’ എന്ന കുറിപ്പോടെ കുശി പങ്കുവച്ച പാഠപുസ്തകത്തിലെ രണ്ട് പേജുകളുടെ ചിത്രങ്ങളായിരുന്നു അത്. ആ പാഠപുസ്തക ചിത്രത്തിങ്ങളിലൊന്ന് സിബിഎസ്സിയുടെ ഒമ്പാതാം ക്ലാസിലെ ‘ഡേറ്റിംഗും റിലേഷന്‍ഷിപ്പും’ എന്ന പാഠത്തിന്റെ ചിത്രമായിരുന്നു.
അടുത്ത ചിത്രത്തില്‍ എന്താണ് ഗോസ്റ്റിംഗ് (Ghosting), ചാറ്റ്ഫിഷിംഗ് (Chatfishing), സൈബര്‍ ബുള്ളിംഗ് (Cyberbullying) എന്നിവയെ കുറിച്ചും വ്യക്തമാക്കുന്നു. നിരവധി പേര് പോസ്റ്റിന് തങ്ങളുടെ അഭിപ്രായമെഴുതി. ഈ ട്വീറ്റ് റീട്വീറ്റ് ചെയ്ത് കൊണ്ട് ടിന്‍ഡര്‍ ഇന്ത്യ കുറിച്ചത് ‘രണ്ടാമത്തെ പാഠം; ഏങ്ങനെ ബ്രേക്ക് അപ്പുകളെ കൈകാര്യം ചെയ്യാം’ എന്നായിരുന്നു.
പ്രണയബന്ധങ്ങളെ പ്രശ്നങ്ങളും ദുരഭിമാനക്കൊലകളും ഇന്നും അരങ്ങേറുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ഇത്തരമൊരു പാഠം ഭാഗം കുട്ടികള്‍ക്ക് പഠിക്കാനായി ഉള്‍പ്പെടുത്തിയതിനെ ചിലര്‍ എതിര്‍ത്തു. അതേസമയം, ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരം നിർണായകമായ അധ്യായങ്ങൾ ഉള്‍പ്പെടുത്തിയതിന് ചിലര്‍ സിബിഎസ്ഇയെ അഭിനന്ദിച്ചു.