കാലം മുന്നോട്ട് പോകുന്നതിനനുസരിച്ച് തട്ടിപ്പുകളിലും പുത്തൻ രീതികൾ വന്നുകൊണ്ടിരിക്കുകയാണ്. ഡേറ്റിംഗ് ആപ്പ് ഉപയോഗപ്പെടുത്തി ദില്ലി, പൂനെ എന്നിവടങ്ങളിലെ റെസ്റ്റോറന്റുകൾ തട്ടിപ്പ് നടത്തുന്നന്നാണ് ആരോപണം. സോഷ്യൽ മീഡിയയിൽ ഇതിനെകുറിച്ചുള്ള ചർച്ചകൾ ചൂടുപിടിച്ചിരിക്കുകയാണ്.
തട്ടിപ്പ് നടത്താനായ് ഇവർ യുവതികളെ വാടകയ്ക്ക് എടുക്കും. തുടർന്ന് ഡേറ്റിങ്ങ് ആപ്പിലൂടെ പുരുഷന്മാരെ തെരഞ്ഞ് പിടിച്ചു വലയിൽ വീഴത്തുന്നു. നിരവധി പുരുഷന്മാരാണ് ഈ കെണിയിൽ വീണത്. 23,000 രൂപയാണ് പുനെ സ്വദേശിയായ യുവാവിന് ഇത്തരത്തിൽ നഷ്ടമായത്.
വ്യാജ പ്രൊഫലുകൾ വഴി ഡേറ്റിംഗ് ആപ്പിലൂടെ വാടകയ്ക്കെടുത്ത യുവതികൾ സജീവമാകും. പിന്നാലെ സമ്പന്നരായ യുവാക്കളെ കണ്ട് പിടിച്ച് ഡേറ്റിംഗിനായ് ക്ഷണിക്കുകയും ചെയ്യും. പോകേണ്ട റെസ്റ്റോറന്റും കഴിക്കേണ്ട ഭക്ഷണങ്ങളും ഇവർ തീരുമാനിക്കും. റെസ്റ്റോറന്റിൽ എത്തിക്കഴിഞ്ഞാൽ ഏറ്റവും വിലകൂടിയ ഭക്ഷണം തന്നെ ഇവർ ഓർഡർ ചെയ്ത് കഴിക്കുകയും ചെയ്യും. അവസാനം തന്ത്രപരമായ് പുരുഷന്മാരെകൊണ്ട് തന്നെ ഇവർ ബില്ലടയ്പ്പിക്കും.
ഭക്ഷണം കഴിച്ച് പിരിഞ്ഞതിന് ശേഷം യുവതികൾ പിന്നീട് അപ്രത്യക്ഷമാകും. എന്നാൽ ബില്ലടയ്ക്കാൻ പുരുഷന്മാർ മടിച്ചാൽ ഡേറ്റിംഗ് സമയത്തെ ചാറ്റ് പുറത്ത് വിടുമെന്ന് യുവതികൾ ഭീഷണിപ്പെടുത്തുകയും ചെയ്യും.