ന്യൂഡൽഹി: മോശം പെരുമാറ്റത്തെക്കുറിച്ച് അധ്യാപകരോടു പരാതിപ്പെട്ടതിന്റെ പകതീർക്കാൻ കൗമാരക്കാരൻ ഡേറ്റിംഗ് ആപ്ലിക്കേഷനിൽ സഹപാഠികളായ പെണ്‍കുട്ടികളുടെ പേരിൽ വ്യാജ പ്രൊഫൈലുകളുണ്ടാക്കി ഫോണ്‍ നന്പറും ചിത്രങ്ങളും പ്രസിദ്ധപ്പെടുത്തി. ഇതേത്തുടർന്ന് പെണ്‍കുട്ടികൾക്കു രാത്രിയും പകലുമില്ലാതെ തുടർച്ചയായി ഫോണ്‍ വിളികൾ വന്നു.
സംഭവത്തിൽ, ഒരു പെണ്‍കുട്ടിയുടെ പിതാവ് പോലീസിൽ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പതിനഞ്ചുകാരനെ അറസ്റ്റ് ചെയ്തു. ഫോണ്‍ നന്പർ പ്രസിദ്ധപ്പെടുത്തിയശേഷം പെണ്‍കുട്ടിക്ക് തുടർച്ചയായി അശ്ളീല സന്ദേശങ്ങളും വീഡിയോകളും ലഭിച്ചിരുന്നു.
ഇതടക്കമാണ് പെണ്‍കുട്ടിയുടെ പിതാവ് അനന്ദ് വിഹാർ പോലീസിൽ പരാതിപ്പെട്ടത്. ഇതേത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ മറ്റ് ഒന്‍പതു പെണ്‍കുട്ടികളുടെയും വിവരങ്ങൾ ഡേറ്റിംഗ് ആപ്പിൽ പരസ്യപ്പെടുത്തിയതായി കണ്ടെത്തി. ഈ പെണ്‍കുട്ടികളുടെ സമാനപ്രശ്നം നേരിട്ടിരുന്നു.
ഒരു ദിവസം മാത്രം 800 ഫോണ്‍കോളുകൾ വരെ ലഭിച്ചതായി ഇതിൽ ഒരു പെണ്‍കുട്ടി പോലീസിനോടു പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൗമാരക്കാരൻ പിടിയിലാകുന്നത്.മോശം പെരുമാറ്റത്തെക്കുറിച്ച് അധ്യാപകരോടു പരാതിപ്പെട്ടതിന്റെ പകതീർക്കാനാണ് ഫോണ്നന്പരുകളും ചിത്രങ്ങളും പ്രസിദ്ധപ്പെടുത്തിയതെന്ന് കൗമാരക്കാരൻ പോലീസിന്റെ സാന്നിധ്യത്തിൽ നടത്തിയ കൗണ്‍സലിംഗിൽ സമ്മതിച്ചു.
പ്രതിയെ പിന്നീട് ജുവനൈൽ ഹോമിലേക്കു മാറ്റി. സമൂഹമാധ്യമങ്ങളിൽനിന്നു ലഭിച്ച ചിത്രങ്ങളാണ് കൗമാരക്കാരൻ ഡേറ്റിംഗ് ആപ്പിൽ അപ്ലോഡ് ചെയ്തതെന്നു പോലീസ് അറിയിച്ചു.