കാക്കനാട്: ഡേറ്റിംഗ് ആപ് വഴി പരിചയപ്പെട്ട യുവാവിനെ ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി മർദിച്ച ശേഷം വീഡിയോ പകർത്തി പണം തട്ടാൻ ശ്രമം. ആറംഗ സംഘം പിടിയിൽ
കോഴിക്കോട് കല്ലായി പൂച്ചങ്ങൽ വീട്ടിൽ അജ്മൽ (23), മലപ്പുറം മമ്പാട് നിലമ്പൂർ കീരിയത്തു വീട്ടിൽ ഫർഹാൻ (23), മലപ്പുറം നിലമ്പൂർ അരിവക്കോട് മേലേപുത്തൻവീട്ടിൽ അനന്തു (22), മലപ്പുറം എടക്കര കാർക്കുയിൽ വീട്ടിൽ മുഹമ്മദ് ഷിബിനു സാലി (23), കണ്ണൂർ ഉരുവച്ചാൽ അടിയോട് വീട്ടിൽ റയസ് (26), കണ്ണൂർ മട്ടന്നൂർ ഫാത്തിമ മൻസിൽ സമദ് (27)എന്നിവരെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽനിന്നു 10 മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും പിടിച്ചെടുത്തു.
ഇടപ്പള്ളി സ്വദേശിയായ യുവാവിനെ സ്വകാര്യ ഡേറ്റിംഗ് ആപ് വഴി വലയിലാക്കിയ പ്രതികൾ പടമുകൾ തൊട്ടിയമ്പലത്തിനു സമീപത്തെ ഹോസ്റ്റലിലേക്ക് ബുധനാഴ്ച രാത്രി വിളിച്ചുവരുത്തി മർദിക്കുകയും 50,000 രൂപ വിലവരുന്ന ഫോൺ കൈക്കലാക്കുകയും ചെയ്തു. തുടർന്ന് യുവാവിനെക്കൊണ്ട് താൻ സ്വവർഗാനുരാഗിയാണെന്നു പറയിക്കുന്ന വീഡിയോ പകർത്തി.
ഒരു ലക്ഷം രൂപ നൽകിയില്ലെങ്കിൽ ദൃശ്യങ്ങളും ഫോണിലെ മറ്റു കാര്യങ്ങളും വാട്സ് ആപ് വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പണം നൽകാമെന്നു സമ്മതിച്ചപ്പോൾ യുവാവിനെ വിട്ടയച്ച പ്രതികൾ പണം പ്രതീക്ഷിച്ച് ഹോസ്റ്റലിൽ തന്നെ താമസം തുടരുകയായിരുന്നു.
വീട്ടിലെത്തിയ യുവാവ് അച്ഛനോടു സംഭവം പറഞ്ഞതോടെ കുടുംബം തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പി.വി. ബേബിക്ക് പരാതി നൽകുകയായിരുന്നു.തൃക്കാക്കര പോലീസ് പടമുഗൾ ഭാഗത്തു നടത്തിയ അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച ഐ 20 കാർ കണ്ടെത്തി.
തുടർന്നു സമീപത്തെ ഹോസ്റ്റലിൽനിന്ന് ആറു പ്രതികളെയും പിടികൂടി. തൃക്കാക്കര ഇൻസ്പെക്ടർ എ.കെ. സുധീറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ വി.ബി. അനസ്, വി. ബൈജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിനാജ്, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്.