ലവ് ലീവ് അഥവാ മാനസിക ഉല്ലാസത്തിനുള്ള അവധി! 30 വയസിന് മുകളില്‍ പ്രായമുള്ള വിവാഹിതരല്ലാത്ത ജീവനക്കാരികള്‍ക്ക് ഡേറ്റിംഗ് ലീവ് നല്‍കാനൊരുങ്ങി ചൈനീസ് കമ്പനികള്‍; ലക്ഷ്യം ഇതൊക്കെ

വിപ്ലവകരമായ പല കണ്ടുപുടുത്തങ്ങളിലൂടെയും നയങ്ങളിലൂടെയും തീരുമാനങ്ങളിലൂടെയും ലോകത്തെ ഞെട്ടിച്ചിട്ടുള്ളവരാണ് ചൈനക്കാര്‍. ഇപ്പോഴിതാ ആകര്‍ഷകമായ മറ്റൊരു നയം അവതരിപ്പിച്ച് രണ്ട് ചൈനീസ് കമ്പനികള്‍ രംഗത്തെത്തിയിരിക്കുന്നു.

30 വയസ്സിനു മുകളിലുള്ള വിവാഹിതരല്ലാത്ത ജീവനക്കാരികള്‍ക്ക് ‘ഡേറ്റിങ് ലീവ്’ നല്‍കിയാണ് ചൈനീസ് കമ്പനികള്‍ എത്തിയിരിക്കുന്നത്. രണ്ടു ചൈനീസ് കമ്പനികളാണ് ഈ വ്യത്യസ്ത കാലാവധി അനുവദിച്ചത്.

സ്ത്രീ ജീവനക്കാര്‍ക്ക് എട്ട് ദിവസം വരെ അധിക അവധി നല്‍കും. ഇതുകൂടാതെ അവധി നീട്ടിയെടുക്കാനുള്ള സൗകര്യവും ജീവനക്കാര്‍ക്കുണ്ടായിരിക്കും. എന്നാല്‍ കമ്പനികളുടെ ഈ തീരുമാനത്തിന് പിന്നില്‍ ഒരു വലിയ ലക്ഷ്യമുണ്ടെന്നാണ് അറിയുന്നത്.

30 വയസ്സിനു മുകളിലുള്ള യുവതികളെ ആളുകള്‍ നോക്കികാണുന്നത് ആര്‍ക്കും വേണ്ടാത്തവര്‍ എന്ന നിലയിലായിരുന്നു. എന്നാല്‍ അതിന് മാറ്റം വരുത്തണം.

ഇന്നത്തെ യുവതികള്‍ വിവാഹജീവിതത്തേക്കാള്‍ ജോലിക്കാണ് മുന്‍തൂക്കം കൊടുക്കുന്നതെന്നും അതുകൊണ്ടു തന്നെ വൈകി വിവാഹം കഴിക്കുന്ന പ്രവണതയാണ് ഇപ്പോഴുള്ളതെന്നുമുള്ള കണ്ടെത്തലിന്റെ വെളിച്ചത്തിലാണ് കമ്പനികള്‍ അവിവാഹിതകളായ സ്ത്രീകള്‍ക്കുവേണ്ടി ഡേറ്റിങ് ലീവ് അനുവദിച്ചത്.

ഡേറ്റിങ് ലീവ് നല്‍കാനുള്ള കമ്പനികളുടെ തീരുമാനം തീര്‍ച്ചയായും ജീവനക്കാരുടെ മനസ്സില്‍ ഉത്സാഹം സൃഷ്ടിക്കുമെന്നുതന്നെയാണ് കമ്പനികളുടെ ഹ്യൂമന്‍ റിസോര്‍സ് വിഭാഗങ്ങളുടെ വിശ്വാസം.

ഇതാദ്യമായല്ല ചൈനയിലെ സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് സ്നേഹപൂര്‍ണമായ ജീവിതം ആസ്വദിക്കാനുള്ള അവസരമൊരുക്കി പ്രത്യേക അവധി നല്‍കുന്നത്. കിഴക്കന്‍ ചൈനയിലെ സ്‌കൂള്‍ അടുത്തിടെ സിംഗിള്‍ അധ്യാപികമാര്‍ക്കും കുഞ്ഞുങ്ങളില്ലാത്ത അധ്യാപികമാര്‍ക്കുമായി ‘ലവ് ലീവ്’ എന്ന പേരില്‍ അവധി നല്‍കിയിരുന്നു.

Related posts