ന്യൂഡൽഹി: യുഎസിൽ നിന്നുള്ള മോഡലാണെന്ന വ്യാജേനെ ഡേറ്റിംഗ് ആപ്പുകളിലൂടെ എഴുനൂറിലധികം സ്ത്രീകളെ കബളിപ്പിച്ച് പണംതട്ടിയ യുവാവ് ഡൽഹിയിൽ പിടിയിലായി. ബംബിളിൽ അഞ്ഞൂറോളം പേരും സ്നാപ്ചാറ്റിലും വാട്സ്ആപ്പിലുമായി ഇരുനൂറിലേറെപ്പേരുമാണു യുവാവിന്റെ ചതിയിൽ വീണത്.
യുഎസിൽ താമസമാക്കിയ മോഡലെന്നു പരിചയപ്പെടുത്തിയാണ് തുഷാർ ബിഷ്ട് എന്ന 23 കാരൻ 18 മുതൽ 30 വരെ പ്രായമുള്ള സ്ത്രീകളെ വലയിൽ വീഴ്ത്തിയത്. ബ്രസീലിൽനിന്നുള്ള ഒരു മോഡലിന്റെ ചിത്രം ഉപയോഗിച്ചായിരുന്നു ആപ്പുകളിലെ ഇയാളുടെ അക്കൗണ്ട് തയാറാക്കിയത്.
കിഴക്കൻ ഡൽഹിയിലെ ഷകർപുരിലെ ഒരു ഇടത്തരം കുടുംബത്തിൽനിന്നുള്ള തുഷാറിന് ചെറിയ ജോലിയുണ്ട്. കൂടുതൽ പണം തേടിയാണ് ഇയാൾ സൈബർ കുറ്റകൃത്യങ്ങളിലേക്കു തിരിഞ്ഞതെന്ന് പോലീസ് പറഞ്ഞു.
ഡേറ്റിംഗ് ആപ്പുകളിലൂടെ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചതിനുശേഷം സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈവശപ്പെടുത്തിയശേഷം ഇവ പരസ്യമാക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു ഇയാളുടെ രീതി. പണം നൽകിയില്ലെങ്കിൽ ചിത്രങ്ങൾ ഡാർക്ക് വെബ്ബിന് വിൽക്കുമെന്നുവരെ ഭീഷണിപ്പെടുത്തിയിരുന്നു. ഒരു വെർച്വൽ ഇന്റർനാഷണൽ മൊബൈൽ നന്പറും ഇതിനായി ഉപയോഗപ്പെടുത്തി.