പെർത്ത് (ഓസ്ട്രേലിയ): മുപ്പത്തിമൂന്നു വർഷം നീണ്ട വിവാഹബന്ധം വേര്‍പെടുത്തിയശേഷം ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പുകളിൽ പുതിയൊരു പങ്കാളിയെ തേടിയ 57കാരിക്കു 4.3 കോടി രൂപ നഷ്ടപ്പെട്ടു. ഓസ്ട്രേലിയയിലെ പെർത്തിൽനിന്നുള്ള ആനെറ്റ് ഫോർഡ് ആണ് തട്ടിപ്പിനിരയായ ഹതഭാഗ്യ. സമ്പാദ്യവും കിടപ്പാടവും നഷ്ടപ്പെട്ട ഇവരിപ്പോൾ താമസസ്ഥലത്തിനായി മറ്റുള്ളവരുടെ സഹായം തേടുകയാണ്.
2018ൽ വിവാഹമോചിതയായ ആനെറ്റ് തനിക്കു പറ്റിയ ഒരു പങ്കാളിക്കായി “പ്ലെന്റി ഓഫ് ഫിഷ്’ എന്ന ഡേറ്റിംഗ് സൈറ്റ് വഴിയാണ് അന്വേഷണം നടത്തിയത്. ഇതുവഴി വില്യം എന്നു പേരുള്ള ഒരാളുമായി സൗഹൃദത്തിലായി. മാസങ്ങൾ നീണ്ട ചാറ്റിംഗിലൂടെ ആനെറ്റിന്റെ വിശ്വാസം അയാൾ നേടിയെടുത്തു. ഒരുദിവസം തന്റെ പണമടങ്ങിയ ബാഗ് മോഷ്ടിക്കപ്പെട്ടെന്നും വളരെ അത്യാവശ്യമായി 5,000 ഡോളർ (2,75,000 രൂപ) ആവശ്യമാണെന്നും ആനെറ്റിനെ അറിയിച്ചു. അവരത് വിശ്വസിക്കുകയും പണം നൽകുകയും ചെയ്തു.
പിന്നീട് പണം വാങ്ങുന്നതു പതിവായി. താൻ കബളിപ്പിക്കപ്പെടുകയാണെന്നു മനസിലാക്കും മുൻപേ ആനെറ്റിന്റെ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം തീർന്നിരുന്നു. തുടർന്ന് ഓസ്ട്രേലിയൻ ഫെഡറൽ പോലീസിൽ പരാതി നൽകിയെങ്കിലും പ്രയോജനമൊന്നുമുണ്ടായില്ല. പിന്നീടു ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട നെൽസൺ എന്ന ആൾ തട്ടിപ്പു കേസിന്റെ അന്വേഷണത്തിൽ സഹായിക്കാമെന്നു വിശ്വസിപ്പിച്ച് ആനെറ്റിൽനിന്ന് 1.8 കോടി രൂപ കൂടി തട്ടിയെടുത്തു.
ചെറിയൊരു തുക ആനെറ്റിന് അയച്ചുകൊടുത്ത നെൽസൺ ആ പണം ബിറ്റ്കോയിനിൽ നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനായി ഒരു ലിങ്കും അയച്ചു നല്കി. ആനെറ്റ് ലിങ്കില്‍ ക്ലിക്ക് ചെയ്തതും അവരുടെ ബാങ്ക് അക്കൗണ്ടിലെ മുഴുവൻ പണവും മറ്റൊരു അക്കൗണ്ടിലേക്കു മാറ്റപ്പെട്ടു. നിലവിൽ എല്ലാം നഷ്ടപ്പെട്ട ഈ മധ്യവയസ്ക സഹായം തേടുന്നതിനൊപ്പം ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകാതെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പും നൽകുന്നു.