ജനിച്ച നാട്ടില്‍ നിന്നും മറ്റൊരിടത്തേക്ക് പറിച്ചു നടപ്പെടുന്ന ധാരാളം മനുഷ്യര്‍ നമ്മുടെ ഇടയിലുണ്ട്. ചിലര്‍ പിന്നീടൊരിക്കലും ആ നാട്ടിലേക്ക് തിരിച്ചു വരാറില്ല. വര്‍ഷങ്ങള്‍ക്കു ശേഷം അവരുടെ മക്കളായിരിക്കും തങ്ങളുടെ മാതാപിതാക്കളുടെ ജന്മസ്ഥലം തേടിയെത്തുക. അത്തരമൊരു ലക്ഷ്യത്തോടെയാണ് ബ്രിട്ടീഷുകാരി റോസി നിക്കോളിനും ഭര്‍ത്താവ് സാമും കേരളത്തിലെത്തിയത്.
ദേശങ്ങള്‍ താണ്ടിയുള്ള യാത്രകള്‍ക്കൊടുവില്‍ പിതാവിന്റെ ജനനരേഖകളും ജനിച്ചുവളര്‍ന്ന നാടും കണ്ടെത്തിയ സന്തോഷത്തിലാണ് റോസി. 1959-60 കാലഘട്ടത്തിലാണ് റോസിയുടെ പിതാവും പിതൃസഹോദരിമാരും പാമ്പനാര്‍ കൊടുവാക്കരണത്തെ എസ്റ്റേറ്റില്‍ ജനിച്ചത്. ക്രൈസ്തവ ആചാരപ്രകാരം പള്ളിക്കുന്ന് സെന്റ് ജോര്‍ജ് സിഎസ്ഐ ദേവാലയത്തിലായിരുന്നു ഇവര്‍ക്ക് മാമോദിസ നല്‍കിയത്. ബ്രിട്ടീഷുകാര്‍ തേയിലതോട്ട വ്യവസായത്തില്‍നിന്നും പിന്തിരിഞ്ഞു സ്വദേശത്തേക്ക് മടങ്ങിയവരോടൊപ്പം റോസിയുടെ പിതാവും ഇവരുടെ കുടുംബങ്ങളും ലണ്ടനിലേക്കു പോയി.
ഈ കഥകളും അറിവുകളും കേട്ടുവളര്‍ന്ന റോസിയും ഭര്‍ത്താവും കേരളത്തിലേക്കുള്ള യാത്രയ്ക്കിടയിലാണ് കഴിഞ്ഞദിവസം ഏലപ്പാറ പള്ളിക്കുന്നിലെ ദേവാലയത്തിലെത്തുകയും പിതാവിന്റെ ജനനരേഖകള്‍ കണ്ടെത്താന്‍ ഇടവക വികാരി റവ. ജെയ്സിംഗ് റോബര്‍ട്ടിന് അപേക്ഷ നല്കിയതും. വികാരിയോടൊപ്പം റോസിയും സാമും ചേര്‍ന്ന് ദേവാലയത്തിലെ രേഖകളും രജിസ്റ്ററുകളും പരിശോധിക്കുകയും ഏറെ ശ്രമകരമായ അന്വേഷണത്തിനൊടുവില്‍ പിതാവ് ക്രിസ്റ്റഫര്‍ മാര്‍ക്ക് സ്പെന്‍സര്‍, പിതൃസഹോദരിമാരായ ഖാറൂത്ത് നിക്കോള്‍, ബെലീന്റാ ലൂയീസ് നിക്കോള്‍ എന്നിവരുടെ ജനനരേഖകള്‍ കണ്ടെത്തുകയുമായിരുന്നു.
റോസിയുടെ വല്യപ്പന് ക്രിസ്റ്റഫര്‍ നിക്കോളിന്റെ കൈവശമായിരുന്നു കൊടുവാക്കരണത്തെ തേയില തോട്ടം. കാപ്പി-തേയിലത്തോട്ട വ്യവസായത്തിനായി 1869-ല്‍ എത്തിയ ബ്രിട്ടീഷുകാര്‍ക്കായി റവ. ഹെന്‍ട്രി ബേക്കര്‍ ജൂനിയറാണ് പള്ളിക്കുന്ന് സിഎസ്ഐ ദേവാലയം നിര്‍മിച്ചത്. ദേവാലയത്തിനോടു ചേര്‍ന്നുകിടക്കുന്ന ബ്രിട്ടീഷ് സെമിത്തേരിയും പിതാവിന്റെ ജന്മനാടും കണ്ടാണ് റോസിയുടെ നാട്ടിലേക്കുള്ള മടക്കം.