പാറ്റ്ന: എയിംസിൽ ആംബുലൻസ് നിഷേധിച്ചതിനെ തുടർന്ന് ഒമ്പതുവയസുകാരിയായ മകളുടെ മൃതദേഹവും തോളിലേറ്റി പിതാവിന് വീട്ടിലേക്കു മടങ്ങേണ്ടിവന്നു. ബിഹാറിന്റെ തലസ്ഥാനമായ പാറ്റനയിലായിരുന്നു സംഭവം. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് അധികൃതർ ആംബുലൻസ് നിഷേധിച്ചതിനെ തുടർന്നാണ് മാതാപിതാക്കൾക്ക് മകളുടെ മൃതദേഹം ചുമലിലേന്തി വീട്ടിലേക്ക് മടങ്ങേണ്ടിവന്നത്. ബിഹാറിലെ ലാഖിസരായി ജില്ലയിലെ കജ്ര ഗ്രാമത്തിലെ രാംബാലക്കിനാണ് ദുർഗതി നേരിട്ടത്.
രാംബാലക്കിന്റെ മകൾ റോഷൻ കുമാരിയാണ് മരിച്ചത്. റോഷൻ കുമാരിക്ക് ആറു ദിവസമായി കടുത്തപനിയായിരുന്നു. അസുഖം മൂർഛിച്ചതിനെ തുടർന്ന് കുട്ടിയെ രാംബാലക്കും ഭാര്യയും പാറ്റ്നയിലെ എയിംസിൽ എത്തിച്ചു. എന്നാൽ ഒപിയിൽ കാണിക്കാനായിരുന്നു അധികൃതരുടെ നിർദേശം. ഒപിയിലെ വരിയിൽ അവസാനമായിനിന്ന രാംബാലക്ക് കുട്ടിയെ ഡോക്ടറെ എത്രയും വേഗം കാണിക്കാൻ ശ്രമിച്ചെങ്കിലും അധികൃതർ വഴങ്ങിയില്ല. ഒപി ടിക്കറ്റ് രജിസ്ട്രേഷനെല്ലാം രാംബാലക് പൂർത്തിയാക്കി എത്തിയപ്പോഴേക്കും കുട്ടി മരിച്ചു.
കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിക്കാൻ ആംബുലൻസും അധികൃതർ വിട്ടുനൽകിയില്ല. ഇതിനെ തുടർന്ന് രാംബാലക് കുട്ടിയുടെ മൃതദേഹവും തോളിലേറ്റ് നാല് കിലോമീറ്റർ അകലെയുള്ള ഓട്ടോ സ്റ്റാൻഡിലേക്ക് നടന്നുപോയി. ഇവിടെനിന്നും ഓട്ടോറിക്ഷയിലാണ് രാംബാലകും ഭാര്യയും മകളുടെ മൃതദേഹവുമായി വീട്ടിലേക്ക് മടങ്ങിയത്.