തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ ജനശ്രദ്ധ നേടിയ നിരവധി പേരുണ്ടായിരുന്നെങ്കിലും പാലക്കാട് കൊല്ലങ്കോട് പഞ്ചായത്തിലെ പാലത്തുള്ളി ഡിവിഷനിലെ സ്ഥാനാര്‍ഥി ജ്യോതി ഇവരില്‍ വേറിട്ട ഒരാളായിരുന്നു.
കേരളം പ്രതീക്ഷയോടെ നോക്കിക്കണ്ട കേരളത്തിന്റെ മരുമകള്‍. തന്റെ വലതു കൈ ത്യജിച്ച് ജവാനെ രക്ഷിക്കുകയും പിന്നീട് ആ ജവാന്റെ ഭാര്യയായി കേരളത്തിലെത്തുകയും ചെയ്ത ഛത്തീസ്ഗഡുകാരി ജ്യോതിയുടെ വിജയം ഏവരും കൊതിച്ചിരുന്നു.
ജീവിത പരീക്ഷണത്തില്‍ വിജയിച്ച ജ്യോതിയ്ക്ക് പക്ഷെ തെരഞ്ഞെടുപ്പ് പരീക്ഷയില്‍ വിജയിക്കാനായില്ല. ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച ജ്യോതിയ്ക്ക് മൂന്നാം സ്ഥാനമാണ് ലഭിച്ചതെങ്കിലും 1600ലേറെ വോട്ടുകള്‍ പിടിക്കാനായി.
തോല്‍വിയില്‍ മനംമടുത്ത് ഇരിക്കാനില്ലെന്നും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നുമാണ് ജ്യോതി പറയുന്നത്. ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ജ്യോതിയ്ക്ക് ഇവിടുത്തെ ബിജെപിയുടെ നില മെച്ചപ്പെടുത്താനായി.
തനിക്ക് വോട്ടു ചെയ്തവരോടും തന്നെ പിന്തുണച്ചവരോടും ജ്യോതി നന്ദി പറയുന്നു. ഒരു ബസ് യാത്രയായിരുന്നു നഴ്‌സിംഗ് വിദ്യാര്‍ഥിനിയായിരുന്ന ജ്യോതിയുടെ ജീവിതം മാറ്റിമറിച്ചത്.
അപകടത്തില്‍ നിന്ന് സിഐഎസ്എഫ് ജവാനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വലതു കൈ നഷ്ടമായ ജ്യോതി പിന്നീട് അതേ ജവാന്റെ ജീവിത സഖിയായി കേരളത്തിലെത്തി.
കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടിലെ സിഐഎസ്എഫ് ജവാന്‍ പാലത്തുള്ളി ചീരയങ്കാട് പഞ്ചാനകുളമ്പില്‍ പി.വി വികാസിന്റെ ഭാര്യയായി ജ്യോതി 2011ലാണ് കേരളത്തിലെത്തിയത്.
2010 ജനുവരി മൂന്നിനായിരുന്നു ആ സംഭവത്തിനിടയാക്കിയ ബസ് യാത്ര. ത്തീസ്ഗഡിലെ ദുര്‍ഗ് എന്ന പ്രദേശത്തുവച്ച് നിയന്ത്രണം വിട്ട ടാങ്കര്‍ലോറിയുമായി ബസിന്റെ വശം കൂട്ടിയിടിക്കാന്‍ പോകുന്നത് ജ്യോതിയുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഇതൊന്നുമറിയാതെ മുമ്പിലെ സീറ്റിലിരുന്ന ഉറങ്ങുന്ന ചെറുപ്പക്കാരനെ ജ്യോതി തള്ളിമാറ്റി രക്ഷപ്പെടുത്തി. എന്നാല്‍ ഇതിനിടെ ജ്യോതിയുടെ വലതു കൈ അറ്റുപോയി. പിന്നീട് സംഭവബഹുലമായ മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍ വികാസ് ജ്യോതിയെ വിവാഹം കഴിക്കുകയായിരുന്നു.