ചണ്ഡിഗഢ്: ഇന്ത്യയുടെ ത്രിവര്‍ണ പതാക പോളണ്ടില്‍ പാറിച്ച് ഓട്ടോഡ്രൈവറുടെ മകള്‍. പോളണ്ടില്‍ നടന്ന 13-ാം സൈലേഷ്യന്‍ വനിത ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണ് ഓട്ടോ ഡ്രൈവറുടെ മകളായ സന്ദീപ് കൗര്‍ ഇന്ത്യയുടെ അഭിമാനമായത്. 52 കിലോഗ്രാം വിഭാഗത്തില്‍ പോളണ്ടിന്റെ കരോളിന അമ്പുഷ്‌കയെ തോല്‍പ്പിച്ചാണ് സന്ദീപ് കൗറിന്റെ സുവര്‍ണ നേട്ടം.
പാട്യാലയിലെ ഹസന്‍പുര്‍ വില്ലേജ് നിവാസിയാണ് 16കാരിയായ സന്ദീപ് കൗര്‍. വിജയം ഒരിക്കലും എളുപ്പത്തില്‍ സാധ്യമാവില്ല എന്നതിന് തെളിവാണ് സന്ദീപ് കൗറിന്റെ ജീവിതം. ജീവിതത്തോട് പടവെട്ടി നേടിയ വിജയമാണിതെന്ന് തന്നെയാണ് അവളുടെ സുഹൃത്തുക്കള്‍ പറയുന്നത്. കൊച്ചു ഗ്രാമത്തില്‍ ശരിയായ രീതിയില്‍ അവള്‍ക്ക് പരിശീലനം നേിക്കൊടുക്കാനുള്ള സാമ്പത്തികം സന്ദീപ് കൗറിന്റെ ഓട്ടോഡ്രൈവറായ പിതാവ് സര്‍ദാര്‍ ജസ്വീര്‍ സിംഗിനുണ്ടായിരുന്നില്ല. എന്നിട്ടും മകള്‍ക്കായി തന്നാല്‍ കഴിയുന്നതെല്ലാം ആ പിതാവ് ചെയ്തു.
വീട്ടിലെ പട്ടിണി മാറ്റുന്നതിനും ചാമ്പ്യന്‍സ്ഷിപ്പില്‍ മകളെ പങ്കെടുപ്പിക്കുന്നതിനുമായി അദ്ദേഹം നല്ലരീതിയില്‍ കഷ്ടപ്പെട്ടു. കുട്ടിക്കാലത്ത് അമ്മാവനൊപ്പം ഗ്രാമത്തിന് സമീപമുള്ള ബോക്‌സിംഗ് അക്കാദമിയില്‍ പോയിരുന്നുവെന്നും തുടര്‍ന്നാണ് തനിക്ക് ബോക്‌സിംഗില്‍ കമ്പം കയറിയതെന്നും സന്ദീപ് കൗര്‍ പറഞ്ഞു. ഒരുപാട് യുവാക്കളും യുവതികളും ബോക്‌സിംഗ് പരിശീലിക്കുന്നത് താന്‍ കണ്ടിട്ടുണ്ട്. ഇതോടെ താനും ബോക്‌സിംഗിന് അടിമയായി.സന്ദീപ് കൗര്‍ പറയുന്നു. ആദ്യമായി എട്ടാം വയസിലാണ് താന്‍ ബോക്‌സിംഗ് ഗ്ലൗസ് അണിയുന്നതും ട്രെയിനിംഗിന് പോയി തുടങ്ങുന്നതെന്നും സന്ദീപ് കൗര്‍ വ്യക്തമാക്കി. അക്കാദമിയില്‍ സുനില്‍ കുമാര്‍ എന്ന പരിശീലകന് കീഴിലാണ് സന്ദീപ് കൗര്‍ പരിശീലനം നേടിയത്.