ശ്രീനാരായണപുരം: ഡാവിഞ്ചി സുരേഷിന്റെ കരവിരുതിൽ ഒന്നരയടിയിൽ മോഹൻലാലിന്റെ “ഒടിയൻ’ രൂപം. പുലിമുരുകന്റെ പോലെ ചരിത്രത്തിൽ ഇടം തേടാൻ ലക്ഷ്യമിടുന്ന മോഹൻ ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ഒടിയന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് പ്രശസ്ത കലാകാരനായ ഡാവിഞ്ചി സുരേഷ് ചെറിയ രൂപത്തിൽ ഒടിയൻ മാണിക്യനെ എം സീലിൽ നിർമിച്ചിരിക്കുന്നത്.
തുണി ഒട്ടിച്ചുവച്ചാണ് വേഷവിധാനം ഒരുക്കിയത്. എം സീൽ വർക്കിനു പുറത്ത് അക്രിലിക് കളർ അടിച്ചാണ് ശിൽപ്പം പൂർത്തീകരിച്ചിട്ടുള്ളത്. തലയുടെ ഭാഗത്തു എം സീലിന് പുറമെ കുറച്ചു ഭാഗത്തു യഥാർഥ തലമുടി ഉപയോഗിച്ച് ഏറെ ഭംഗിയാക്കിയിട്ടുണ്ട്. ഇരുന്പിന്റെ തട്ട് നിർമിച്ച് അതിലാണു കുഞ്ഞ് ഒടിയനെ ഡാവിഞ്ചി ഒരുക്കിയിട്ടുള്ളത്.
രണ്ടുദിവസം കൊണ്ടാണ് തന്റെ ഈ കലാസൃഷ്ടി പൂർത്തിയാക്കിയതെന്നു ഡാവിഞ്ചി സുരേഷ് പറഞ്ഞു.
മോഹൻലാൽ ഫാൻസ് വെൽഫെയർ അസോ സിയേഷൻ താലൂക്ക് കമ്മിറ്റിക്കുവേണ്ടിയാണ് ശില്പം ഒരുക്കിയിട്ടുള്ളത്. കൊടുങ്ങല്ലൂരിലെ മോഹൻലാൽ ഫാൻസിനു വേണ്ടി മറ്റൊന്ന് കൂടി ഈ കലാകാരന്റെ പണിപ്പുരയിലുണ്ട്.