തൃശൂർ: കോവിഡ് ഭീതിയിലും ലോക്ഡൗണിലും ഡാവിഞ്ചി സുരേഷ് എന്ന കലാകാരൻ പതറിയില്ല. കോവിഡ് കാലത്ത് അറുപത്തിമൂന്നു ചിത്രങ്ങളാണ് അറുപത്തിമൂന്നു ദിവസങ്ങൾ കൊണ്ട് വരച്ചെടുത്തത്.
ഓരോ ചിത്രങ്ങളും ഒന്നും രണ്ടും മണിക്കൂറുകൾ വീതം ചെലവാക്കിയാണ് വരച്ചത്. വാട്ടർ കളറും കളർ പെൻസിലുമാണ് ഉപയോഗിച്ചത് . ദിവസവും അന്നന്നു പ്രധാനപ്പെട്ട വിഷയങ്ങൾ തെരഞ്ഞെടുക്കുകയും ആ വിഷയത്തിന് തന്റേതായ വിവരണങ്ങളും ഉൾപ്പെടുത്തിയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തത്.
ഭാവനയിൽ വിരിയുന്ന ചിത്രങ്ങളും കാർട്ടൂണുകളും കാരിക്കേച്ചറും ചില വൈറൽ ഫോട്ടോകളും സുഹൃത്തുക്കൾ അയച്ചു കൊടുക്കുന്ന ഫോട്ടോകളും ഉൾപ്പെടുത്തിയാണ് അറുപത്തിമൂന്നു ചിത്രങ്ങൾ മെനഞ്ഞെടുത്തത് .
ലോക്ക്ഡൗണ്‍ തുടങ്ങിയ ദിവസം മുതൽ അറുപത്തിമൂന്നാമത്തെ ചിത്രം വരെ ഒരുദിവസം പോലും വര മുടക്കം വരുത്തിയിട്ടില്ല. കേരളം പിറവിയെടുത്തിട്ട് 63 വർഷങ്ങൾ കഴിഞ്ഞു വന്ന ഈ കോവിഡ് കാലത്തിന്റെ ജീവിത രേഖകളുടെ ഓർമ്മയ്ക്കായി മലയാളികൾക്കുള്ള സമർപ്പണമാണ് ഈ വരകൾ എന്ന് സുരേഷ് പറയുന്നു…
പോലീസുകാരും ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തരും അടക്കമുള്ള കോവിഡ് പ്രതിരോധത്തിനായി പ്രവർത്തിക്കുന്ന എല്ലാവർക്കുമുള്ള ആദരവ് കൂടിയാണ് ചിത്രങ്ങളെന്നും സുരേഷ് പറഞ്ഞു. ജനങ്ങൾ ഓരോസമയത്തും പാലിക്കേണ്ട നിർദേശങ്ങളും നിയമങ്ങളും ചിത്രങ്ങളായി ബോധവത്കരിച്ചിട്ടുണ്ട്.
കേരള കാർട്ടൂണ്‍ അക്കാദമിയുടെ ജോയിന്റ് സെക്രട്ടറി കൂടിയായ സുരേഷ്. കേരള സാമൂഹ്യ സുരക്ഷാ മിഷനും കാർട്ടൂണ്‍ അക്കാദമിയും ചേർന്ന് എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന കാർട്ടൂണ്‍ മതിലിൽ കോവിഡ് ബോധവത്കരണ കാർട്ടൂണുകൾ വരയ്ക്കുകയാണ് ഇപ്പോൾ സുരേഷ്.
തെക്കൻ ജില്ലകളിലെ ആറ് ജില്ലകളിൽ വരച്ചു കഴിഞ്ഞു. ചൊവ്വാഴ്ച മുതൽ തുടർച്ചയായി വടക്കൻ ജില്ലകളിൽ കൂടി വരയ്ക്കാനുള്ള തയാറെടുപ്പിലാണ് സുരേഷ്. ശില്പിയും ചിത്രകാരനുമായ കൊടുങ്ങല്ലൂർ സ്വദേശി ഡാവിഞ്ചി സുരേഷിന് താൻ വരച്ച കോവിഡ് ചിത്രങ്ങളുടെ പ്രദർശനം നടത്താനും ആലോചനയുണ്ട്.