പയ്യന്നൂർ: സ്വദേശത്തും വിദേശത്തുമുള്ള ആറായിരത്തോളം വിദഗ്ധ തൊഴിലവസര കോഴ്സുകളുടെ അത്യപൂർവ ബ്രോഷർ ശേഖരത്തിനുടമയായ പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപത്തെ കെ.എം.ഡേവിഡ് യുആർഎഫ് റിക്കാർഡിലേക്ക്. 25ന് വൈകുന്നേരം 3.30 ന് പയ്യന്നൂർ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ യൂണിവേഴ്സൽ റിക്കാർഡ് ഫോറത്തിന്റെ ഏഷ്യൻ ജൂറി തലവൻ ഡോ.ഗിന്നസ് സുനിൽ ജോസഫ് ഡേവിഡിനുള്ള അവാർഡ് പ്രഖ്യാപനവും അവാർഡ് സമർപ്പണവും നടത്തും.
പയ്യന്നൂർ നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഫാ. എം.ക്രിസ്റ്റി അധ്യക്ഷത വഹിക്കും. അവാർഡ് ജേതാവിനെ ഡോ.ഗിന്നസ് അനിൽകുമാർ പരിചയപ്പെടുത്തും. ഗിന്നസ് പ്രജീഷ് കണ്ണൻ മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ വ്യക്തികൾ ആശംസകളർപ്പിക്കും. പതിനേഴു വർഷത്തെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി ലോകത്തിൽ മറ്റാർക്കും അവകാശപ്പെടാൻ കഴിയാത്ത ഇത്രയും വിപുലമായ ബ്രോഷറുകളുടേയും പ്രോസ്പെക്ടസുകളുടേയും ശേഖരത്തിന്റെ ഉടമയായ മുൻ എക്സൈസ് പ്രിവന്റീവ് ഓഫീസർ ഡേവിഡിനെക്കുറിച്ച് ആദ്യമായി പുറംലോകത്തെ അറിയിച്ചത് ’രാഷ് ട്രദീപിക’യാണ്.
സ്വദേശത്തും വിദേശത്തുമുള്ള ബ്രോഷറുകൾ സംഘടിപ്പിക്കുകയും അവയേക്കുറിച്ച് പഠനം നടത്തുകയും ചെയ്ത ഇദ്ദേഹത്തിന് ഓരോ കോഴ്സുകളേപ്പറ്റിയുമുള്ള വിവരങ്ങൾ മനഃപാഠമാണ്. ഈ കഴിവുകളും ബൃഹത്തായ ബ്രോഷർ ശേഖരവുമാണ് ഡേവിഡിനെ യുആർഎഫ് അവാർഡിനർഹനാക്കിയത്.
ഇന്ത്യയിലെ എല്ലാ സംസ്ഥാന സർക്കാരുകളുടേയും സ്വകാര്യ സ്ഥാപനങ്ങളുടേയും പ്രാഫഷണൽ കോഴ്സുകളുടെ ബ്രോഷറുകൾക്കു പുറമെ സ്വീഡൻ, അമേരിക്ക, സ്പെയിൻ, നേപ്പാൾ, ഹോളണ്ട്, മൗറീഷ്യസ്, യുകെ, കാനഡ, ഫ്രാൻസ്, ബ്രിട്ടൻ, ജോർജിയ, പോളണ്ട്, ജർമനി, ഇറ്റലി, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടേതുൾപ്പെടെ നടത്തുന്ന യോഗ മുതൽ പിഎച്ച്ഡി വരേയുള്ള കോഴ്സുകളുടെ ബ്രോഷറുകളും ഇതുസംബന്ധിച്ച വിവരങ്ങളുമാണ് ഡേവിഡിന്റെ കൈവശമുള്ളത്.