ക്രിക്കറ്റിലെ വഴിവിട്ട ഇടപാടുകൾക്കു പുറമേ സിനിമാലോകം ദാവൂദിന്റെ വിഹാരരംഗമായിരുന്നു.
ഒരു കാലത്തു സിനിമാ ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റു നടന്ന ദാവൂദ് ബോളിവുഡിനെ നിയന്ത്രിക്കുന്ന ശക്തിയായി മാറി എന്നത് ഒരു സിനിമാക്കഥ പോലെ തന്നെ അന്പരപ്പിക്കുന്നതാണ്.
നിർമാതാക്കളും സംവിധായകരും താരങ്ങളുമൊക്കെ ദാവൂദ് സംഘത്തിന്റെ സ്വാധീന വലയത്തിൽ കിടന്നുകറങ്ങി. അവരെ വെല്ലുവിളിച്ചു ബോളിവുഡിൽ ഒന്നും നടക്കില്ല എന്നതായി സ്ഥിതി.
ബോളിവുഡ് നടിമാർ ദാവൂദിന്റെ വീക്ക്നെസ് ആയിരുന്നു. നിരവധി നടിമാരുമായി അയാൾ ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ആരൊക്കെ ഏതൊക്കെ സിനിമയിൽ അഭിനയിക്കണം, സിനിമ എങ്ങനെ വേണം എന്നൊക്കെ അദ്ദേഹം തീരുമാനിക്കുമായിരുന്നു.
ദാവൂദിനെ പിണക്കി ബോളിവുഡിൽ സിനിമ നിർമിക്കാൻ കഴിയാത്ത ഘട്ടം വരെയുണ്ടായിരുന്നു. ഒരിക്കൽ ദാവൂദ് അയച്ച നടിയെ നായികയാക്കാൻ പറ്റില്ലെന്നു പറഞ്ഞ സംവിധായകനെ ദാവൂദ് തീർത്തു കളഞ്ഞതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഒളിഞ്ഞും തെളിഞ്ഞും അക്കാലത്തു നിരവധി ബോളിവുഡ് ചിത്രങ്ങൾ ഡി-കന്പനി നിർമിച്ചിട്ടുണ്ട്.
1993ലെ മുംബൈ കലാപം
90കളുടെ തുടക്കംവരെ അധോലോക നായകൻ എന്ന പട്ടം മാത്രമേ ദാവൂദിന് ഉണ്ടായിരുന്നുള്ളൂ. എന്നാൽ, 1993ൽ കള്ളക്കടത്തു മാത്രമല്ല തീവ്രവാദവും തനിക്കു വഴങ്ങുമെന്നു ദാവൂദ് തെളിയിച്ചു.
1993ന് മുംബൈ നഗരത്തെ ഞെട്ടിച്ചു നടന്ന ഭീകരാക്രമണ പരന്പരയിൽ ദാവൂദ് ഇബ്രാഹിമിനു നിർണായക പങ്കുണ്ടെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയതോടെയാണ് ദാവൂദിനു തീവ്രവാദി പരിവേഷം ലഭിക്കുന്നത്.
അന്നു മുംബൈയിലെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് അടക്കം 13 സ്ഥലങ്ങളിൽ നടന്ന ബോംബ് സ്ഫോടന പരന്പരയിൽ 257പേർ കൊല്ലപ്പെട്ടിരുന്നു. 713 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഈ സംഭവത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരിൽ മിക്കവരും ദാവൂദുമായി അടുപ്പമുള്ള അധോലോകത്തിന്റെ ആളുകളായിരുന്നു.
മുംബൈ നഗരം മാത്രമല്ല, രാജ്യം തന്നെ നടുങ്ങിയ ഈ ബോംബ് സ്ഫോടന പരന്പരയ്ക്ക് ആളും അർഥവും നൽകി സഹായിച്ചത് ദാവൂദ് ഇബ്രാഹിം ആയിരുന്നു.
പാക്കിസ്ഥാൻ ചാര സംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെ വലിയ ആസൂത്രണം ഒരുക്കിയാണ് സ്ഫോടന പരന്പരകൾ നടത്തിയത്.
ആദ്യഘട്ടത്തിൽ ഈ സ്ഫോടനങ്ങൾക്കു പിന്നിൽ എൽടിടിഇ ആണെന്നുവരെ സംശയിച്ചിരുന്നു. പിന്നീടാണ് അന്വേഷണം ദാവൂദിലേക്കും കൂട്ടാളികളിലേക്കും നീങ്ങിയത്.
കോടികളുടെ ആസ്തി
കള്ളക്കടത്തിലൂടെ നേടിയ കോടിക്കണക്കിനു രൂപയുടെ സന്പാദ്യങ്ങൾ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ഡി-കന്പനിക്കുണ്ട്. പാക്കിസ്ഥാനിലും ധാരാളം സ്വത്തു വകകൾ ദാവൂദിനുണ്ട്.
തീവ്രവാദ പ്രസ്ഥാനങ്ങൾക്കു ദാവൂദ് പണം നൽകി സഹായിക്കുമായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. 1993ലെ മുംബൈ സ്ഫോടന പരന്പരയ്ക്കു നേതൃത്വം നൽകിയത് ദാവൂദ് ആണെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയതോടെ ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യൻ ജനത വെറുക്കാൻ തുടങ്ങി.
ദാവൂദുമായി അടുപ്പമുണ്ടായിരുന്നവരൊക്കെ ആ അടുപ്പം അവസാനിപ്പിച്ചു. ഇന്ത്യയിലെ ഇടപാടുകൾ തുടരാൻ പറ്റാത്ത സാഹചര്യമാണെന്നു മനസിലാക്കിയതോടെ ദാവൂദ് എന്നന്നേക്കുമായി രാജ്യം വിട്ടു.
എവിടുണ്ട് ദാവൂദ്?
മുംബൈ ഭീകരാക്രമണത്തോടെ ഇന്ത്യയുടെ നോട്ടപ്പുള്ളിയായി മാറിയ ദാവൂദ് ഇബ്രാഹിമിനു പിന്നെ പൊതുസമൂഹത്തിൽ പ്രത്യക്ഷപ്പെടാൻ കഴിയാതെ വന്നു.
ഇതോടെ രഹസ്യകേന്ദ്രത്തിലേക്കു മാറി. ദുബായിയും അത്ര സുരക്ഷിതമല്ലെന്നു കരുതിയിട്ടാവണം ഒളിവു ജീവിതത്തിലേക്കു മാറിയത്.
മുംബൈ ഭീകരാക്രമണത്തിനു ശേഷം ഇയാൾ ഇന്ത്യയിലേക്കു വന്നിട്ടേയില്ലെന്നാണ് വിലയിരുത്തൽ. ഒളിവിൽ പോയ ദാവൂദ് പാക്കിസ്ഥാനിലേക്കാണു രക്ഷപ്പെട്ടത്.
തുടക്കം മുതലേ ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. പക്ഷേ, അന്നൊന്നും ദാവൂദ് തങ്ങളുടെ മണ്ണിലില്ലെന്നായിരുന്നു പാക്കിസ്ഥാന്റെ വാദം. എന്നാൽ, അടുത്തിടെ ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന് അവർ വെളിപ്പെടുത്തിയിട്ടുണ്ട്.
(തുടരും)