പുരുഷന്മാരായിരുന്നു ഈ കൊടും കൊലയാളിയുടെ ഇരകളിൽ മിക്കവരും. സുന്ദരന്മാരായ പുരുഷന്മാരോടു സൗഹൃദം നടിച്ചു വശത്താക്കി തന്റെ ഫ്ളാറ്റിലെത്തിക്കും. പിന്നീട് തന്ത്രത്തിൽ കൊലപ്പെടുത്തും – ഇതായിരുന്നു ഡെന്നിസിന്റെ രീതി.
ഇരകളെ തെരഞ്ഞുപിടിച്ചു കൊല്ലുന്നതിലും മൃതദേഹങ്ങൾ മാസങ്ങളോളം സൂക്ഷിച്ചുവയ്ക്കുന്നതിലും ഇയാൾ പ്രത്യേക സന്തോഷം അനുഭവിച്ചിരുന്നു. അതിനേക്കാൾ ഭീകരമായ മറ്റൊരു മാനസിക വൈകൃതം ഇയാൾക്കുണ്ടായിരുന്നു.
വിചിത്രമായ ചെയ്തികൾ
അന്വേഷക സംഘത്തെപ്പോലും അന്പരപ്പിക്കുന്നതും ഞെട്ടിക്കുന്നതുമായിരുന്നു കണ്ടെത്തിയ കാര്യങ്ങൾ. മൃതദേഹങ്ങൾ കുളിപ്പിച്ച ശേഷം ലൈംഗിക താത്പര്യങ്ങൾക്കായി ഉപയോഗിക്കുകയും ഒടുവിൽ അവയ്ക്കൊപ്പം ആഴ്ചകളോളം കിടന്നുറങ്ങുകയും ചെയ്യുകയായിരുന്നു ഡെന്നിസിന്റെ രീതി.
ഇതിനു പുറമേ മൃതദേഹം ചൂടുവെള്ളത്തിലിട്ടു തിളപ്പിക്കുക, മൃതദേഹത്തെ മുറിവേൽപ്പിക്കുക, നന്നായി വസ്ത്രം ധരിപ്പിച്ച് അലമാരയ്ക്കുള്ളിൽ സൂക്ഷിക്കുക തുടങ്ങിയവയൊക്കെ ഇയാൾക്കു ഹരമായിരുന്നു. ഡെന്നിസിന്റെ മാനസികാരോഗ്യനില ആകെ വഷളായിരുന്നു എന്നാണ് അന്വേഷകർ വിലയിരുത്തിത്.
പത്തു വർഷത്തിനിടയിൽ പതിനഞ്ച് പുരുഷന്മാരാണ് ഡെന്നിസിന്റെ കൊടുംക്രൂരതയ്ക്ക് ഇരയായത്.
ആദ്യത്തെ ഇര
സ്റ്റീഫൻ ഹോംസ് എന്ന പതിന്നാലുകാരനായിരുന്നു ഡെന്നീസിന്റെ ആദ്യത്തെ ഇര.
അന്നു ഡെന്നിസിന് 33 വയസ്. 1978 ഡിസംബർ 29നാണ് സംഭവം. ലണ്ടണിലെ വില്ലീസ്ഡെൻ ക്രിക്കിൾവർത്ത് ആംസ് പബിൽ സംഗീത വിരുന്നിൽ പങ്കെടുത്തു മടങ്ങിയ വഴിക്കാണ് സ്റ്റീഫനെ ദുരന്തം തേടിയെത്തിയത്.
വഴിയിലെ മദ്യശാലയ്ക്കുമുന്നിൽ മദ്യം വാങ്ങാൻ പണമില്ലാത്തതിനാൽ വിഷമിച്ചു നിൽക്കുന്ന കൗമാരക്കാരനെ ഡെന്നിസിന്റെ കണ്ണിൽപ്പെട്ടു.
രാവിലെ മുതൽ കഴിച്ച മദ്യത്തിന്റെ ലഹരിയിലായിരുന്നു ഡെന്നിസ് അപ്പോൾ. അയാൾ സ്റ്റീഫനെ അടുത്തേക്കു വിളിച്ച്, മദ്യം വാങ്ങാനുള്ള പണം നൽകി.
അപ്രതീക്ഷിതമായി കിട്ടിയ പണം കണ്ടപ്പോൾ സന്തോഷംകൊണ്ടു തുള്ളിച്ചാടുമെന്ന അവസ്ഥയിലായി സ്റ്റീഫൻ. അവൻ പെട്ടെന്നുതന്നെ കിട്ടിയ പണവുമായി ബാറിലേക്കു കയറി മദ്യം വാങ്ങിക്കുടിച്ചു.
തുടർന്നു നന്ദി പറയാൻ ഡെന്നീസിനടുത്തേക്കു വരികയും സൗഹൃദം പങ്കുവയ്ക്കുകയും ചെയ്തു. ഇരുവരും തമ്മിൽ സൗഹൃദത്തിലായതോടെ ഡെന്നീസ് സ്റ്റീഫനെ തന്റെ ഫ്ളാറ്റിലേക്കു ക്ഷണിച്ചു. പുതിയ സുഹൃത്തിന്റെ ക്ഷണം അവൻ സ്വീകരിച്ചു.
അമിതമായി മദ്യപിച്ചിരുന്നതിനാൽ ഫ്ളാറ്റിൽ എത്തിയപാടെ സ്റ്റീഫൻ ഉറക്കത്തിലേക്കു തെന്നി വീണു. എന്നാൽ, അതു തന്നെ അവസാനത്തെ ഉറക്കമായിരിക്കുമെന്ന് ആ കൗമാരക്കാരൻ അറിഞ്ഞിരുന്നില്ല.
കൊലയാളി ഉണരുന്നു
ലിവിംഗ് റൂമിലെ സോഫയിൽ സുഖമായിക്കിടന്നുറങ്ങുന്ന സ്റ്റീഫനെ ഡെന്നീസ് നോക്കിനിന്നു. ആ നിമിഷങ്ങളിൽ അവനിലെ കൊലയാളി ഉണർന്നു. മനസ് മറ്റൊരു തലത്തിലായി.
ക്രൂരമായ ആവേശത്തോടെ അടുത്തുകിടന്ന ടൈ എടുത്തു സ്റ്റീഫന്റെ കഴുത്തിൽ വരിഞ്ഞുമുറുക്കി. ഒന്നു ചെറുത്തുനിൽക്കാൻ പോലുമാകാതെ നിമിഷങ്ങൾക്കുള്ളിൽ സ്റ്റീഫൻ മരിച്ചു. എങ്കിലും അതുറപ്പിക്കുന്നതിനായി ഡെന്നീസ് സ്റ്റീഫനെ വെള്ളത്തിൽ മുക്കി.
സ്റ്റീഫൻ മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം ഡെന്നീസ് അവന്റെ ശരീരം തറയിൽ പാകിയിരുന്ന തട്ടിപ്പലകകൾക്കടിയിലെ അറയിൽ ഒളിപ്പിച്ചു.
മനുഷ്യശരീരങ്ങൾ ഒളിപ്പിച്ചുവയ്ക്കാൻ ആവശ്യമായ ഇടമുള്ള ഒരു മുറി ആ പലകത്തറയ്ക്കടിയിലുണ്ടായിരുന്നു. കൃത്യം നടന്ന് എട്ടു മാസത്തോളം മൃതദേഹം ആ പലകമുറിക്കുള്ളിൽ അയാൾ സൂക്ഷിച്ചു.
ഒടുവിൽ ഒരു ദിവസം അതു പുറത്തെടുത്തു കത്തിച്ചു കളയുകയായിരുന്നു. സ്റ്റീഫന്റെ മരണം തുടക്കം മാത്രമായിരുന്നു.
മ്യൂസ് വെൽ ഹില്ലിലെ ഫ്ളാറ്റിൽ നടന്ന മൂന്നു കൊലപാതകങ്ങൾ വെളിച്ചത്തു വന്നതോടെ പോലീസ് നോർത്ത് ലണ്ടനിലെ വീട്ടിലും പരിശോധന നടത്തി. ആയിരത്തോളം പല്ലുകളും എല്ലിൻ കഷ്ണങ്ങളുമാണ് വീടിനു ചുറ്റുമുള്ള പൂന്തോട്ടത്തിൽനിന്നു കണ്ടെത്തിയത്.
(തുടരും)