സിഡ്നി: സെഞ്ചുറിക്കുശേഷം വായുവിൽ ഉയർന്നു ചാടി ഡേവിഡ് വാർണർ നടത്തുന്ന ആഘോഷമുണ്ട്, എതിരാളികൾപോലും ആസ്വദിക്കുന്നതാണ് വാർണറിന്റെ ആ സെഞ്ചുറിച്ചാട്ടം. ക്രിക്കറ്റിൽ ഇനി ഓസ്ട്രേലിയൻ ഓപ്പണിംഗ് ബാറ്ററായ വാർണറിന്റെ സെഞ്ചുറിച്ചാട്ടം ഉണ്ടാകില്ല. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് പൂർണമായി വിരമിക്കൽ താരം പ്രഖ്യാപിച്ചു.
ഏകദിന ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നതായി അറിയിച്ചതോടെയാണിത്. പാക്കിസ്ഥാനെതിരേ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരന്പരയായിരിക്കും തന്റെ അവസാന റെഡ് ബോൾ ക്രിക്കറ്റ് എന്ന് നേരത്തേ വാർണർ അറിയിച്ചിരുന്നു.
ടെസ്റ്റ് വിരമിക്കൽ നേരത്തേ പ്രഖ്യാപിച്ചതിനുപിന്നാലെയാണ് 2024 പുതുവത്സര ദിനത്തിൽ ഏകദിനത്തിൽനിന്നും വിരമിക്കുന്ന കാര്യം വാർണർ ലോകത്തെ അറിയിച്ചത്. 2023 ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യക്കെതിരായ ഫൈനൽ ഇതോടെ വാർണറിന്റെ അവസാന മത്സരമായി പരിണമിച്ചു. ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടതാരം കൂടിയാണ് വാർണർ എന്നതും ശ്രദ്ധേയം.
2025 ചാന്പ്യൻസ് ട്രോഫി!
പുതിയ താരങ്ങൾ ഉയർന്നുവരുന്നതിനായി വഴിമാറുകയാണെന്നാണ് ഏകദിനത്തിൽനിന്ന് വിരമിക്കുന്നതിനെ കുറിച്ച് വാർണറിന്റെ വിശദീകരണം.
അതേസമയം, 2025 ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിനത്തിൽ കളിക്കാനുള്ള വാതിൽ തുറന്നിട്ടാണ് വാർണർ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചതെന്നതും ശ്രദ്ധേയം. 2025 ചാന്പ്യൻസ് ട്രോഫിയിൽ ഓസ്ട്രേലിയയെ പ്രതിനിധീകരിക്കേണ്ട സാഹചര്യമുണ്ടായാൽ തീർച്ചയായും എത്തുമെന്നു വാർണർ പറഞ്ഞു.
അടുത്ത മാസം വെസ്റ്റ് ഇൻഡീസിനെതിരേ നടക്കാനിരിക്കുന്ന മൂന്ന് മത്സര ഏകദിന പരന്പരയിൽ വാർണർ ഉണ്ടാകില്ലെന്ന് ഏകദേശം ഉറപ്പായിരുന്നു. ഇതിനിടെയാണ് ഓസീസ് ഓപ്പണർ വിരമിക്കൽ പ്രഖ്യാപിച്ചത്.
2027വരെ കളത്തിൽ തുടരുക എന്നതാണ് ആഗ്രഹമെന്ന് മുപ്പത്തേഴുകാരനായ വാർണർ 2023 ഏകദിന ലോകകപ്പ് കിരീട നേട്ടത്തിനുശേഷം പറഞ്ഞിരുന്നു. 2023 ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കായി ഏറ്റവും കൂടുതൽ റണ്സ് നേടിയതും വാർണറായിരുന്നു (535).
അവസാന ടെസ്റ്റ് നാളെ
പാക്കിസ്ഥാനെതിരേ നാളെ സിഡ്നിയിൽ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റാണ് രാജ്യാന്തര വേദിയിൽ വാർണറിന്റെ അവസാന മത്സരം. ഓസ്ട്രേലിയയ്ക്കുവേണ്ടി വാർണറിന്റെ 112-ാം ടെസ്റ്റാണ്.
പാക്കിസ്ഥാനെതിരായ പരന്പരയ്ക്കുശേഷം ടെസ്റ്റിൽനിന്ന് വിരമിക്കുമെന്ന് വാർണർ നേരത്തേ അറിയിച്ചിരുന്നു. പന്ത് ചുരണ്ടൽ വിവാദത്തിലൂടെ ഓസ്ട്രേലിയൻ ക്രിക്കറ്റിന് കളങ്കമേൽപ്പിക്കുകയും വിലക്ക് നേരിടുകയും ചെയ്ത വാർണറിന് എന്തിനാണ് വിരമിക്കൽ പരന്പരയെന്ന് ഓസീസ് മുൻതാരം മിച്ചൽ ജോണ്സണ് ചോദിച്ചിരുന്നു.
സിഡ്നി ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഏകദിനത്തിൽനിന്നും വിരമിക്കാനുള്ള തന്റെ തീരുമാനം വാർണർ അറിയിച്ചത്. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വാർണർ പൂർണമായി വിരമിക്കുന്ന മത്സരം എന്ന തലത്തിലേക്ക് നാളത്തെ ടെസ്റ്റ് ഇതോടെ മാറി. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.00 മുതലാണ് ഓസ്ട്രേലിയ x പാക്കിസ്ഥാൻ മൂന്നാം ടെസ്റ്റ്. ആദ്യ രണ്ട് ടെസ്റ്റും ഓസ്ട്രേലിയ ജയിച്ചിരുന്നു. മൂന്നാം ടെസ്റ്റ് പിങ്ക് ടെസ്റ്റാണ്.