കൊച്ചി: ഹോം ഗ്രൗണ്ട് വിപുലീകരണമടക്കം, പുതിയ സീസണില്‍ വന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. മലബാര്‍ കേന്ദ്രീകരിച്ചുള്ള ആരാധകരുടെ സൗകര്യങ്ങൾ കണക്കിലെടുത്ത് ടീമിന്റെ ഹോം ഗ്രൗണ്ട് കോഴിക്കോട്ടേക്കുകൂടി വിപുലീകരിക്കുന്നതിനാണു നീക്കം. മറ്റെല്ലാ കാര്യങ്ങളും ശരിയായി വന്നാല്‍ അടുത്ത ഐഎസ്എല്‍ സീസണില്‍ ചില മത്സരങ്ങള്‍ കോഴിക്കോട്ടും കളിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് സിഇഒ അഭിക് ചാറ്റര്‍ജി പറഞ്ഞു.
ഹോംഗ്രൗണ്ട് വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് സൂപ്പര്‍ ലീഗ് അധികൃതരുമായി ഉള്‍പ്പെടെ ക്ലബ് പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. നിലവില്‍ ഐ ലീഗില്‍ കളിക്കുന്ന ഗോകുലം കേരള എഫ്സിയുടെ ഹോം ഗ്രൗണ്ടാണ് കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയം.
ഇവിടത്തെ അടിസ്ഥാന സൗകര്യമുള്‍പ്പെടെ പരിഗണിച്ചശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്ന് അഭിക് ചാറ്റര്‍ജി പറഞ്ഞു. ഏതാനും മത്സരങ്ങള്‍ക്കു മാത്രമായിരിക്കും കോഴിക്കോട് വേദിയാകുക. അതേസമയം, കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ക്ലബ്ബിന്റെ പ്രധാന ഹോം ഗ്രൗണ്ടായി തുടരുകയും ചെയ്യും.
“മഞ്ഞപ്പട ഉള്‍പ്പെടെയുളള ആരാധക കൂട്ടായ്മകള്‍ തങ്ങള്‍ക്ക് പ്രധാനമാണ്. ക്ലബ് മാനേജ്മെന്റിന് ആരുമായും പ്രശ്നമില്ല. വിമര്‍ശനങ്ങളോടു തുറന്ന സമീപനമാണ് ക്ലബ്ബിനുള്ളത്. ടീമുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ട്. അതില്‍ പരിഹാരം കാണാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. ക്ലബ്ബും ആരാധകരുമായുള്ള ആശയവിനിമയം കൂടുതല്‍ വ്യക്തവും സുതാര്യവുമാക്കുന്നതിനായാണ് ഫാന്‍ അഡ്വൈസറി ബോര്‍ഡ് രൂപവത്കരിച്ചത്’’-അഭിക് ചാറ്റര്‍ജി പറഞ്ഞു.
ആരാധകരെ നിരാശരാക്കില്ല: ഡേവിഡ് കറ്റാല
കൊച്ചി: വരുന്ന ഐഎസ്എല്‍ സീസണില്‍ ആരാധകര്‍ക്കു നിരാശപ്പെടേണ്ടി വരില്ലെന്നും കിരീടം സാധ്യമാകുന്ന ടീമിനെയാണ് തയാറാക്കുന്നതെന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക ചുമതലയില്‍ പുതുതായി എത്തുന്ന ഡേവിഡ് കറ്റാല.
കഴിഞ്ഞതു കഴിഞ്ഞു. എന്നെ സംബന്ധിച്ച് പുതിയൊരു ടീമാണ് മുന്നിലുള്ളത്. അവരുമായി ഇണങ്ങിച്ചേരാന്‍ കുറച്ചു സമയമെടുക്കും. കളിക്കാരുടെ പൊസിഷനുകള്‍ ആവശ്യമെങ്കില്‍ മാറ്റിമറിക്കേണ്ടതായിവരും.
പ്രതിരോധത്തിലുള്‍പ്പെടെ പ്രശ്നങ്ങളൊരുപാടുണ്ട്. അതെല്ലാം ശുദ്ധീകരിച്ചെടുക്കണം. കളിക്കാരില്‍നിന്നു ഞാനാഗ്രഹിക്കുന്നത് നൂറു ശതമാനം സമര്‍പ്പണമാണ്. സൂപ്പര്‍കപ്പ്, ഐഎസ്എല്‍ ഉള്‍പ്പെടെ കിരീടങ്ങള്‍ നേടാന്‍ പ്രാപ്തിയുള്ള ടീമാക്കി ബ്ലാസ്റ്റേഴ്സിനെ മാറ്റും. ടീമുമായുള്ള പരിശീലനം ആരംഭിച്ചുകഴിഞ്ഞു. നിലവിലുള്ളത് മികച്ച ടീം തന്നെയാണ്. സൂപ്പര്‍കപ്പിനായി എല്ലാവരും ഫിറ്റാണെന്നും അദ്ദേഹം പറഞ്ഞു.