വിദ്യാഭ്യാസത്തിനും അറിവിനുമൊത്ത വിവേകവും ചിന്തയും മലയാളികള്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് തെളിയിക്കുന്ന വാര്‍ത്തയും വീഡിയോയുമാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരുന്നത്. എന്നാല്‍ പ്രചരിച്ചതൊന്നും ശരിയല്ലെന്നും അതിന് പിന്നിലെ യാഥാര്‍ത്ഥ്യം എന്തെന്നും വ്യക്തമാക്കുന്ന വിവരങ്ങളാണ് പ്രതിമയുടെ നിര്‍മാതാവ് പങ്കുവയ്ക്കുന്നത്.
കലാഭവന്‍ മണിയുടെ ഓര്‍മയ്ക്കായി സ്ഥാപിച്ച പ്രതിമയില്‍ നിന്നും രക്തം ഒഴുകുന്നു എന്ന തരത്തിലാണ് ചില ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചത്. എന്നാല്‍ അതിന് പിന്നിലെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ശില്പി ഡാവിഞ്ചി സുരേഷ്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ…
‘ഫൈബറിലാണ് മണിച്ചേട്ടന്റെ പ്രതിമ നിര്‍മിച്ചിരിക്കുന്നത്. പ്രളയസമയത്ത് ഈ പ്രതിമ വെള്ളത്തില്‍ മുങ്ങിയിരുന്നു. ഒരുപക്ഷേ അപ്പോള്‍ വെള്ളം പ്രതിമയ്ക്ക് ഉള്ളില്‍ കയറിയിട്ടുണ്ടാകാം. ഈ പ്രതിമ നിര്‍മിച്ചിരിക്കുന്നത് ഫൈബറിലാണ്. സാധാരണ ഫൈബറിനുള്ളില്‍ വെള്ളം കടന്നാല്‍ അത് പുറത്തേക്ക് പോകില്ല. അങ്ങനെ തന്നെ ഉണ്ടാകും. ഇപ്പോള്‍ മണിച്ചേട്ടന്റെ പ്രതിമയുടെ കൈയ്യുടെ ഭാഗത്ത് നിന്നാണ് ഇത്തരത്തില്‍ ചുവന്ന നിറത്തില്‍ ദ്രാവകം പുറത്തേക്ക് വരുന്നത്.
ഈ കൈയ്യുടെ രൂപം നിര്‍മിക്കുമ്പോള്‍ അതിനുള്ളില്‍ ഞാന്‍ ഒരു ഇരുമ്പ് കമ്പി വച്ചിരുന്നു. പ്രളയസമയത്ത് പ്രതിമ മുങ്ങിയപ്പോള്‍ ഈ കമ്പി തുരുമ്പെടുത്തിരിക്കാം. ഇപ്പോള്‍ ചൂട് കൂടിയപ്പോള്‍ ആ തുരുമ്പും വെള്ളവും പുറത്തേക്ക് വരുന്നതാകാം. ആരാധകര്‍ ദയവ് ചെയ്ത് ഇതിന് അന്ധവിശ്വാസത്തിന്റെ പരിവേശമൊന്നും നല്‍കരുതെന്ന അപേക്ഷ മാത്രമേയുള്ളൂ. ഡാവിഞ്ചി സുരേഷ് പറയുന്നു. രണ്ടു ദിവസം തുടര്‍ച്ചായി ഇത്തരത്തില്‍ പ്രതിമയില്‍ നിന്നും ചുവന്ന ദ്രാവകം വന്നിരുന്നെന്നും ഇപ്പോള്‍ അതില്ലെന്നും മണിയുടെ സഹോദരനും വ്യക്തമാക്കി. ഈ പോസ്റ്റുകള്‍ വൈറലായതോടെ ചാലക്കുടിയിലെ മണിയുടെ പ്രതിമ കാണാന്‍ ആരാധകരുടെ ഒഴുക്കാണ് ഉണ്ടായിരിക്കുന്നത്.