ന്യൂഡൽഹി: പാക്കിസ്ഥാനെതിരായ ഡേവിസ് കപ്പ് ടെന്നീസ് മത്സരത്തിന് നിഷ്പക്ഷ വേദി വേണമെന്ന ആവശ്യവുമായി ഇന്ത്യൻ ടീം രംഗത്ത്. വേദിമാറ്റത്തിന് പകരം സുരക്ഷാനടപടികൾ പുനഃപരിശോധിക്കണമെന്നു മാത്രം ഇന്റർനാഷണൽ ടെന്നിസ് ഫെഡറേഷനോട് ആവശ്യപ്പെട്ട ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷന്റെ (എഐടിഎ) നടപടിയിൽ കളിക്കാർ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
ഇസ്ലാമാബാദിന് പകരം ഒരു നിഷ്പക്ഷ വേദി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായി ഇന്ത്യൻ ക്യാപ്റ്റൻ മഹേഷ് ഭൂപതി പറഞ്ഞു. സെപ്റ്റംബർ 14, 15 തീയതികളിലാണ് ഇന്ത്യ x പാക് ഡേവിസ് കപ്പ് പോരാട്ടം.
ഏഷ്യ-ഓഷ്യാന ഗ്രൂപ്പ് ഒന്ന് മത്സരം ഒരു ഉഭയകക്ഷി പരന്പര അല്ലാത്തതിനാൽ ഡേവിസ് കപ്പ് മത്സരം മാറ്റിവയ്ക്കാൻ അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന് കഴിയില്ലെന്ന് കേന്ദ്ര സ്പോർട്സ് മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. 2017 മുതൽ പാക്കിസ്ഥാൻ തങ്ങളുടെ അഞ്ച് ഹോം മത്സരങ്ങളിൽ നാലും ഇസ്ലാമാബാദിൽ തന്നെയാണ് കളിച്ചത്.
ദക്ഷിണ കൊറിയ, തായ്ലൻഡ്, ഉസ്ബക്കിസ്ഥാൻ, ഇറാൻ എന്നിവയ്ക്കെതിരേയായിരുന്നു അത്. 2017ൽ ഹോങ്കോംഗ് ഇസ്ലാമാബാദിൽ കളിക്കാൻ വിസമ്മതിച്ചതോടെ പാക്കിസ്ഥാന് വാക്കോവർ ലഭിച്ചു.
2016ലാണ് പാക്കിസ്ഥാൻ അവസാനമായി ഒരു നിഷ്പക്ഷ വേദിയിൽ (കൊളംബോയിൽ ചൈനയ്ക്കെതിരേ) കളിച്ചത്. 1964നുശേഷം ഇന്ത്യൻ ഡേവിസ് കപ്പ് ടീമുകൾ പാക്കിസ്ഥാനിലേക്കു കളിക്കാൻ പോയ ചരിത്രമില്ല.