മകന്‍ പോയെങ്കിലെന്താ, സംഘം ഇപ്പോഴും ശക്തം! ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയ്ക്ക് വനിതാ വിഭാഗവും; സംഭവം പുറത്തായത്, ഒരു കോടി ആവശ്യപ്പെട്ട് ഭീഷണി സന്ദേശം എത്തിയതിനെത്തുടര്‍ന്ന്

ഏകമകന്‍ നവാസ് ഡി കസ്‌കര്‍ പൗരോഹിത്യത്തിലേയ്ക്ക് കടന്നതിനെത്തുടര്‍ന്ന് അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിം കടുത്ത വിഷാദത്തിലാണെന്ന രീതിയില്‍ അടുത്തനാളുകളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ അതൊന്നും ഒരു വിഷയമല്ലെന്ന് വ്യക്തമാക്കുന്ന രീതിയിലുള്ള വാര്‍ത്തകളാണ് നിലവില്‍ പുറത്തുവരുന്നത്. ദാവൂദ് ഇബ്രാഹിമിന്റെ ഉടമസ്ഥതിയിലുള്ള ഡി കമ്പനിയില്‍ വനിതാ വിഭാഗവും സജീവമാണെന്നാണ് റിപ്പോര്‍ട്ട്. ഫോണ്‍കോള്‍ ചോര്‍ത്തി അന്വേഷണം നടത്തിയ അന്വേഷണ ഏജന്‍സിയാണ് ഡി കമ്പനിയില്‍ വനിതാ വിഭാഗവവും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയത്.

ദാവൂദിന്റെ സഹായി ഛോട്ടാ ഷക്കീലിന്റെ അടുത്തയാളായ ഉസ്മാനാണ് ഈ വനിതാ വിഭാഗത്തിന്റെ മേല്‍നോട്ടം വഹിക്കുന്നതെന്നാണ് നിഗമനം. ഒരു കോടി രൂപ ആവശ്യപ്പെട്ട് ഭീഷണി സന്ദേശം കിട്ടിയതിനെ തുടര്‍ന്ന് ഒരു യുവതി പാകിസ്ഥാനിലെ ഖര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതി അന്വഷിച്ചപ്പോഴാണ് പാക്കിസ്ഥാന്‍ കേന്ദ്രീകൃതമായാണ് ഫോണ്‍ സന്ദേശം വന്നതെന്ന് മനസിലാക്കിയത്. ഈ അന്വേഷണം പുരോഗമിക്കെയാണ് വനിതാ വിഭാഗത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് സൂചന ലഭിച്ചത്.

ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണി നിറഞ്ഞതായിരുന്നു യുവതിക്ക് ലഭിച്ച ഫോണ്‍സന്ദേശം. പ്രധാനമായും സ്ത്രീകളെ ലക്ഷ്യംവെച്ചായിരിക്കും വനിതാവിഭാഗത്തിന്റെ പ്രവര്‍ത്തനമെന്നാണ് പ്രാഥമിക നിഗമനം. ദൗത്യം നിറവേറ്റി കഴിയുന്നതും മറ്റു പ്രവര്‍ത്തനങ്ങളുമെല്ലാം ഇവര്‍ ദാവൂദിനെ അറിയിക്കാറുണ്ടായിരുന്നെന്നുമാണ് ഫോണ്‍കോള്‍ ചോര്‍ത്തിയ അന്വേഷണ ഏജന്‍സി പറയുന്നത്. ദാവൂദിന്റെ ഇളയ സഹോദരന്‍ ഇഖ്ബാല്‍ ഇബ്രാഹിം കസ്‌കറിനെ ചോദ്യം ചെയ്തപ്പോഴാണ് ഇങ്ങനൊരു വിവരം പുറത്തു വന്നിരിക്കുന്നത്.

 

Related posts