1997 ഓഗസ്റ്റ് 12നാണ് ടി-സീരീസ് കാസറ്റ് മേധാവിയും ബോളിവുഡ് നിർമാതാവുമായ ഗുൽഷൻ കുമാറിനെ അബു സലിമിന്റെ ആൾക്കാർ കൊലപ്പെടുത്തുന്നത്.
ദുബായിലിരുന്ന് അബു സലിം ഗുൽഷൻ കുമാറിനെ കൊലപ്പെടുത്താൻ സംഘാംഗങ്ങൾക്കു നിർദേശം നൽകുകയായിരുന്നു. വലിയ കോളിളക്കം സൃഷ്ടിച്ചതായിരുന്നു ഈ കൊലപാതകം. മാത്രമല്ല ദാവൂദിന്റെ അനുമതിയില്ലാതെ സലിം നേരിട്ടാണ് ഈ കൊലപാതകം നടത്തിച്ചത്.
ഈ സംഭവത്തോടെ ദാവൂദുമായി അബു സലിം തെറ്റി. അതുപോലെ ദാവൂദിന്റെ സംഘത്തിലെ മറ്റൊരു പ്രധാനിയായ ഛോട്ടാ ഷക്കീലുമായും അബു സലിം നിരന്തരം വഴക്കിടുമായിരുന്നു. ഇതും ദാവൂദ് സംഘത്തിൽനിന്നു പിന്മാറാൻ അബു സലിമിനെ പ്രേരിപ്പിച്ചു.
ദാവൂദുമായി പിണങ്ങിയതോടെ തന്നെ ഏതു നിമിഷവും അയാൾ വധിക്കുമെന്ന് അബു സലിം ഭയന്നിരുന്നു. ഇതോടെ ദുബായിൽനിന്ന് അബു സലിം താവളം മാറ്റി. പിന്നെ താവളങ്ങൾ ഇടയ്ക്കിടെ പല രാജ്യങ്ങളിലേക്കും മാറിക്കൊണ്ടേയിരുന്നു.
2000ൽ മൂന്നു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു മിൽട്ടൺ പ്ലാസ്റ്റിക് കന്പനി ഉടമയെ തട്ടിക്കൊണ്ടുപോകാൻ അബു സലിം പദ്ധതിയിട്ടിരുന്നു.
ബോളിവുഡിലെ മുൻകാല സുന്ദരി മനീഷ കൊയ്രാളയുടെ പേഴ്സണൽ സെക്രട്ടറി അജിത് ദിവാനിയെ 2001 ഒക്ടോബറിൽ ഇയാളുടെ സംഘം കൊലപ്പെടുത്തി.
ബോളിവുഡ് സിനിമാ പ്രവർത്തകരായ രാജീവ് റായ്, രാകേഷ് റോഷൻ, മൻമോഹൻ ഷെട്ടി എന്നിവരെ കൊലപ്പെടുത്താനും ഈ സംഘം ശ്രമിച്ചു.
ഇതോടെ അബു സലിമിനെതിരേ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായി. ബോളിവുഡിലെ ആക്രമണങ്ങൾ ഭരണകൂടങ്ങൾക്കും തലവേദനയായി. ഇതോടെ അബു സലിമിനെതിരേ അന്വേഷണം ശക്തമായി.
അഭയം തേടി പോർച്ചുഗലിൽ
1993ലെ മുംബൈ സ്ഫോടന പരന്പര കൂടാതെ ഗുൽഷൻ കുമാർ വധം, അജിത് ദിവാനി കൊലപാതകം തുടങ്ങി അന്പതോളം കുറ്റകൃത്യങ്ങളിൽ അബു സലിമിനെ പ്രതിയായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
ദാവൂദ് സംഘത്തിൽനിന്ന് ഒളിച്ചു നടന്നു വിദൂരതയിലിരുന്നു ബോളിവുഡ് ലോകത്തെയും മുംബൈ നഗരത്തിലെ കുറ്റകൃത്യങ്ങളെയും നിയന്ത്രിച്ച അബു സലിം പിടിക്കപ്പെടുന്നത് 2002 സെപ്റ്റംബർ 20ന് പോർച്ചുഗലിലെ ലിസ്ബണിൽവച്ചാണ്.
മോണിക്കയെ പെരുത്തിഷ്ടം
പോർച്ചുഗലിലും മറ്റുമൊക്കെയായി ദാവൂദ് സംഘത്തെ ഭയപ്പെട്ട് ഒളിവിൽ കഴിയുന്പോഴെല്ലാം മോണിക്ക ബേദി എന്ന ബോളിവുഡ് സുന്ദരിയും അയാളോടൊപ്പം ഉണ്ടായിരുന്നു.
ബോളിവുഡിൽ നിരവധി സുന്ദരികളെ കണ്ടെങ്കിലും അബു സലിമിനു മോണിക്ക ബേദിയോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു.
മോണിക്ക ബേദിയെ നായികയാക്കാൻ നിരവധി സംവിധായകരോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഒടുവിൽ മോണിക്കയെ ഭാര്യയെപ്പോലെ അയാൾ കൂടെക്കൂട്ടി.
മുൻ ഭാര്യ സമീറ ജുമാനിയുമായുള്ള ബന്ധം നേരത്തേതന്നെ അബു സലിം അവസാനിപ്പിച്ചിരുന്നു. മോണിക്ക ബേദി അബു സലിമിന്റെ ജീവിത പങ്കാളിയായിരുന്നെങ്കിലും അയാളുടെ ബിസിനസുമായോ കുറ്റകൃത്യങ്ങളുമായോ അവർക്കു പങ്കില്ലായിരുന്നു.
വ്യാജ പാസ്പോർട്ട് കേസിൽ മോണിക്ക ബേദി ജയിലിൽ ആയെങ്കിലും അവരിപ്പോൾ ജയിൽ ശിക്ഷ പൂർത്തിയാക്കി പുറത്തുണ്ട്.
ഒടുവിൽ ജയിലിലേക്ക്
പോർച്ചുഗലിൽ അബു സലിം ഉണ്ടെന്നു മനസിലാക്കിയ ഇന്റർപോൾ അയാളെ വിട്ടുകിട്ടാൻ പോർച്ചുഗൽ സർക്കാരിൽ സമ്മർദം ചെലുത്തി.
ഒടുവിൽ പോർച്ചുഗൽ കോടതി ഇടപെട്ട് ഇന്ത്യയിൽ അബു സലിമിനു വധശിക്ഷ നൽകരുതെന്ന ധാരണയിൽ 2005 നവംബറിൽ അയാളെ ഇന്ത്യയ്ക്കു വിട്ടു നൽകി.
ഇന്ത്യൻ ജയിലിൽ വിവിധ കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ട് അബു സലീം എന്ന കൊടും ക്രിമിനൽ ജീവിതം തള്ളിനീക്കുന്നു.
ഒരു കാലത്തു ബോളിവുഡിലെ സുന്ദരികളോടൊപ്പം അന്തിയുറങ്ങിയ അബു സലിം ഇന്നു ജയിലിലെ തണുത്ത തറയിൽ കിടന്നുറങ്ങുന്നു. ഒരു ബോളിവുഡ് സിനിമാക്കഥ പോലെ അയാളുടെ ജീവിതം തുടരുന്നു.