ദാവൂദ് ഇബ്രാഹിമിന്റെ പ്രധാന സഹായിയാണ് ഛോട്ടാ ഷക്കീൽ. ഡി കന്പനിയുടെ വിശ്വസ്തൻ. ദാവൂദിനെ അധോലോകത്തിന്റെ രാജാവാക്കാൻ പിന്നിൽനിന്നു പ്രവർത്തിച്ചവരിൽ പ്രധാനി.
ഡി കന്പനിയെ ഇന്ത്യയുടെ അതിരുകൾക്കപ്പുറം വളർത്തിയതു ഛോട്ടാ ഷക്കീലിന്റെകൂടി നേതൃപാടവത്തിലും ചുവടുവയ്പുകളിലൂടെയുമായിരുന്നു.
ഡി കന്പനിയുടെ എതിരാളികളെ ഉന്നം തെറ്റാതെ വെടിവയ്ക്കുന്ന ഷാർപ്പ് ഷൂട്ടർമാരുടെ സംഘത്തെ നിയന്ത്രിക്കുന്നതു ഛോട്ടാ ഷക്കീൽ നേരിട്ടാണ്.
എതിരാളിയെ കൈകാര്യം ചെയ്യുന്ന ക്രിമിനൽ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നവരിൽ പ്രധാനിയും. സാന്പത്തിക ഇടപാടുകളിലും ഇയാൾ നിർണായക പങ്ക് വഹിച്ചിരുന്നു.
സിനിമയ്ക്കു പണം
2001ൽ ഇന്ത്യാ ടുഡേ മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ താൻ ബോളിവുഡ് ചിത്രങ്ങൾക്കു സാന്പത്തിക സഹായം നൽകുന്നുണ്ടെന്നു ഛോട്ടാ ഷക്കീൽ വെളിപ്പെടുത്തിയിരുന്നു.
1993ലെ മുംബൈ ബോംബ് സ്ഫോടന പരന്പരയിൽ ഉൾപ്പെട്ടതോടെയാണ് ഷക്കീൽ ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളിൽ ഒരാളായി മാറിയത്. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തിനു യുഎസ് സർക്കാരിന്റെ തെരച്ചിൽ ലിസ്റ്റിലും ഷക്കീൽ ഉണ്ട്.
ദാവൂദിനെപ്പോലെ പാക്കിസ്ഥാനിലെവിടെയോ ഒളിവിൽ കഴിയുന്ന ഛോട്ടാ ഷക്കീൽ മരിച്ചതായും കുറെക്കാലം മുന്പു വാർത്തകൾ വന്നിരുന്നു. 2017 ജനുവരിയിൽ ഇയാൾ മരിച്ചതായുള്ള പ്രചാരണം സജീവമായിരുന്നു.
ഷക്കീലിന്റെ മരണവാർത്ത കേട്ടു ദാവൂദ് ബോധം കെട്ടുവീണെന്നും ദാവൂദിനു നെഞ്ചുവേദന അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നുമൊക്കെ ഗോസിപ്പുകൾ വന്നു. പക്ഷേ, ഷക്കീൽ മരിച്ചെന്ന് ഇനിയും ഒൗദ്യോഗികമായി ഒരു ഏജൻസിയും സ്ഥിരീകരിച്ചിട്ടില്ല.
ഡോംഗ്രി വഴി
ഛോട്ടാ ഷക്കീൽ കൃത്യമായി ജനിച്ച വർഷമോ ദിവസമോ ആർക്കും അറിയില്ല. എങ്കിലും 1955ലോ അല്ലെങ്കിൽ 1960ലോ ആണ് ഛോട്ടാ ഷക്കീൽ ജനിച്ചതെന്നാണ് പറയപ്പെടുന്നത്.
മുംബൈയിലായിരുന്നു ജനനം. മുഹമ്മദ് ഷക്കീൽ ബാബു മിയാൻ ശൈഖ് എന്നായിരുന്നു ഇയാളുടെ യഥാർഥ പേര്.
ചെറുപ്പം മുതൽ തരികിട പരിപാടികളുമായി നടക്കുകയായിരുന്നു ഛോട്ടാ ഷക്കീൽ. മുംബൈയിലെ ഡോംഗ്രിയായിരുന്നു പ്രധാന തട്ടകം. ഇവിടെനിന്നാണ് ദാവൂദ് ഇബ്രാഹിമും അധോലോകത്ത് എത്തപ്പെട്ടത്.
സംഘടിത കുറ്റകൃത്യങ്ങളിൽ ചേരുന്നതിനു മുന്പ് ഡോംഗ്രിയിൽ ഒരു ട്രാവൽ ഏജൻസി ഇയാൾ നടത്തിയിരുന്നു. ദുരൂഹമായിരുന്നു ഇതിന്റെ പ്രവർത്തനങ്ങൾ.
ട്രാവൽ ഏജൻസിയിൽനിന്നു ലഭിക്കുന്ന പണം തന്റെ ആവശ്യങ്ങൾക്കു തികയാതെ വന്നപ്പോഴാണ് കള്ളക്കടത്ത് മേഖലയിലേക്കു ഷക്കീൽ കടക്കുന്നത്. പല ക്രിമിനൽ പരിപാടികൾക്കും ഇയാൾ ട്രാവൽ ഏജൻസി മറയാക്കിയിരുന്നതായി കരുതപ്പെടുന്നു.
ആദ്യമൊക്കെ ചെറിയ ചെറിയ കടത്തുകൾ നടത്തിയ ഷക്കീൽ പിന്നീടു ട്രാവൽ ഏജൻസി പരിപാടി ഉപേക്ഷിച്ചു കള്ളക്കടത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കള്ളക്കടത്തിനോടൊപ്പം പല കുറ്റകൃത്യങ്ങളിലും ഏർപ്പെട്ടു.
ഡി കന്പനിയിലേക്ക്
1988ൽ ദുബായിൽവച്ചാണ് ഇയാൾ ദാവൂദിന്റെ ഡി കമ്പനി എന്ന ക്രിമിനൽ ഗ്രൂപ്പിൽ ചേരുന്നത്. ബിഷൽ ചീറ്റ, ജോണി അഖാവത്ത്, ലിഗർ ഭായ് തുടങ്ങിയവരൊക്കെയായിരുന്നു അക്കാലത്തു കന്പനി തലവൻമാർ.
ഇന്റർപോളിന്റ ക്രിമിനൽ പ്രൊഫൈൽ പ്രകാരം ഛോട്ടാ ഷക്കീലിന് അഞ്ച് അടി ഏഴിഞ്ച് ആണ് ഉയരം. കറുത്ത മുടിയും മനോഹരമായ കണ്ണുകളുമുണ്ട്. ഒരു ബോളിവുഡ് നടനു ചേരുന്ന സൗന്ദര്യമുള്ളയാളായിരുന്നു ഷക്കീൽ. സുന്ദരനായ ക്രിമിനൽ എന്നു വേണമെങ്കിൽ വിളിക്കാം.
ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, അറബി ഭാഷകൾ കൈകാര്യം ചെയ്യാനറിയാം. വളരെ വേഗത്തിൽ കാര്യങ്ങൾ മനസിലാക്കുകയും വളരെ പെട്ടെന്നു പ്രാവർത്തികമാക്കുകയും ചെയ്യുന്ന അസാമാന്യ നേതൃപാടവുമുള്ള എല്ലാം തികഞ്ഞൊരു ക്രിമിനലായിരുന്നു ഛോട്ടാ ഷക്കീൽ.
(തുടരും).