ടെൽ അവീവ്: ബൈബിളിലെ ദാവീദ് രാജാവിന്റെ കാലത്തേത് എന്നു കരുതുന്ന പർപ്പിൾ (ധൂമ്രവർണം) ചായം ഇസ്രേലി ഗവേഷകർ കണ്ടെത്തി.
ജറുസലെമിന് 220 കിലോമീറ്റർ തെക്ക് തിമ്നായിൽ സ്ലേവ്സ് ഹിൽസ് എന്ന ഉത്ഖനനമേഖലയിൽനിന്നു കണ്ടെത്തിയ തുണിക്കഷണത്തിലാണു ചായമുണ്ടായിരുന്നത്.
കാർബൺ ഡേറ്റിംഗിൽ ബിസി 1000നടുത്തു പഴക്കമുണ്ടെന്നു നിർണയിച്ചു. ഇത്രയും പഴക്കമുള്ള പർപ്പിൾ ചായം തുണിയിൽ കണ്ടെത്തുന്നത് ആദ്യമാണെന്നു പറയപ്പെടുന്നു.
രാജാവ്, ഉന്നതകുലജാതർ, പുരോഹിതർ മുതലായവർ മാത്രമാണ് ഈ നിറത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിച്ചിരുന്നത്. വളരെ ദുർലഭമായ നിറത്തിലുള്ള വസ്ത്രത്തിന് അന്നു സ്വർണത്തേക്കാൾ വിലയുണ്ടായിരുന്നു. നിറം മങ്ങില്ലെന്ന സവിശേഷതയുമുണ്ട്.