കരിം ലാല എന്ന അധോലോക നേതാവിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രം അനന്തരവൻ സമദ്ഖാൻ ആയിരുന്നു. തനിക്കു ശേഷം സമദ്ഖാനു തന്റെ സാമ്രാജ്യം കൈമാറുകയായിരുന്നു അയാളുടെ ലക്ഷ്യം.
കരിം ലാലയ്ക്ക് ഏറ്റവും പ്രിയപ്പെട്ടവനാണ് സമദ്ഖാൻ എന്നു ദാവൂദ് മനസിലാക്കിയിരുന്നു. തന്റെ ജ്യേഷ്ഠനെ കൊലപ്പെടുത്തിയതിനു പ്രതികാരമായി കരിം ലാലയെ വകവരുത്തുക എത്ര എളുപ്പമല്ലെന്നു ദാവൂദിനു മനസിലായിരുന്നു.
എന്നാൽ, അയാളെ കൊല്ലാൻ കഴിഞ്ഞില്ലെങ്കിലും അയാൾക്കു ശരിക്കും വേദനിക്കുന്ന ഒരു മറുപടി കൊടുക്കാൻ കാത്തിരുന്ന ദാവൂദിന്റെ കണ്ണുകൾ സമദ്ഖാനിൽ വീണു.
അങ്ങനെ ഒരിക്കൽ സമദ് ഖാനെ അവർക്കു സൗകര്യത്തിനു കൈയിൽ കിട്ടി. അവനെ ദാവൂദ് സംഘം വകവരുത്തി. സമദ് ഖാന്റെ അപ്രതീക്ഷിത മരണം കരിം ലാലയെന്ന വൻമരത്തെ പിടിച്ചു കുലുക്കി.
തന്റെ ചിറകൊടിഞ്ഞതുപോലെ അദ്ദേഹം നിരാശനായി മാറി. സമദ് കൂടെയില്ലാതെ ദാവൂദുമായുള്ള യുദ്ധം ജയിക്കാൻ തനിക്കു കഴിയില്ലെന്ന് അയാൾക്കു തോന്നിത്തുടങ്ങി.
അധികം വൈകാതെ കരിം ലാല ദാവൂദുമായുള്ള പോരാട്ടം അവസാനിപ്പിച്ചു പത്തി മടക്കുന്ന കാഴ്ചയാണ് പിന്നെ ബോംബെ കണ്ടത്. എന്നാൽ, സമദ്ഖാനെ വകവരുത്തി പ്രതികാരം തീർത്തെങ്കിലും കാര്യങ്ങൾ ദാവൂദിന് അത്ര പന്തിയായിരുന്നില്ല.
ദുബായിലേക്കു പലായനം
സമദ് ഖാന്റെ മരണത്തെത്തുടർന്നു കരിംലാല സംഘത്തിന്റെ ഭീഷണിയേക്കാൾ ദാവൂദിനു വിനയായതു പോലീസും സർക്കാരും അയാൾക്കെതിരേ തിരിഞ്ഞതാണ്. ഇതോടെ ദുബായിലേക്കു കടക്കാൻ ദാവൂദ് തീരുമാനിച്ചു.
ആരുംമറിയാതെ അയാൾ ദുബായിലേക്കു പലായനം ചെയ്തു. പിന്നീട് ദുബായിലിരുന്നായിരുന്നു ദാവൂദിന്റെ ഒാപ്പറേഷൻ. മുംബൈയിൽനിന്നു പോയെങ്കിലും അധോലോകത്ത് അയാളുടെ സ്വാധീനം തെല്ലും കുറഞ്ഞില്ല.
വിശ്വസ്തരായ നിരവധി അനുയായികൾ അയാൾക്കായി പ്രവർത്തിക്കാനുണ്ടായിരുന്നു. അവരിൽ പ്രധാനിയായിരുന്നു ദാവൂദിന്റെ കമാൻഡറായിരുന്നു ഛോട്ടാരാജൻ. ഛോട്ടാ രാജന്റെ സഹായത്തോടെ മുംബൈ നഗരം ദുബായിലിരുന്നു ദാവൂദ് നിയന്ത്രിച്ചു.
ഇടയ്ക്കൊക്കെ അദ്ദേഹം അധികാരികളുടെ കണ്ണുവെട്ടിച്ചു മുംബൈ നഗരത്തിൽ വന്നുപോയിരുന്നു. പക്ഷേ, ആർക്കും അദ്ദേഹത്തെ തൊടാൻ ധൈര്യമുണ്ടായിരുന്നില്ല.
ഡി-കന്പനി വളരുന്നു
1986 ആയപ്പോഴേക്കും പൂർണമായും മുംബൈ അധോലോകം ദാവൂദിന്റെ കാൽക്കീഴിലായിയെന്നു വേണം പറയാൻ. ദാവൂദ് അറിയാതെ മുംബൈ നഗരത്തിൽ ഒരീച്ച പോലും പറക്കില്ലായെന്ന ഘട്ടം വന്നു.
കള്ളക്കടത്തും റിയൽ എസ്റ്റേറ്റും ബോളിവുഡ് സിനിമാ നിർമാണവും വാതുവയ്പ്പുമൊക്കെയായി വലിയൊരു പ്രസ്ഥാനമായി ഡി-കന്പനി വളർന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കോടാനുകോടി സന്പത്തുള്ള വൻമരമായി ദാവൂദ് മാറി.
ക്രിക്കറ്റ് വാതുവയ്പ്പും
മയക്കുമരുന്നു കടത്തലിലാണ് ദാവൂദ് കൂടുതലും ഏർപ്പെട്ടിരുന്നത്. എന്നാൽ, ദാവൂദിന്റെ ഉറ്റ അനുയായികളായ ഷെട്ടിയും ഛോട്ടാ ഷക്കീലും ക്രിക്കറ്റിനോടു താത്പര്യമുള്ളവരായിരുന്നു.
ഇവരുടെ പിൻബലത്തിൽ ക്രിക്കറ്റിൽ വാതുവയ്പ്പുമായി ബന്ധപ്പെട്ടു ദാവൂദ് കോടികൾ കൈക്കലാക്കുമായിരുന്നു.
ദുബായിലും മറ്റിടങ്ങളിലും നടന്ന നിരവധി ക്രിക്കറ്റ് മത്സരങ്ങളിൽ ദാവൂദ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ഇന്ത്യൻ, വെസ്റ്റ് ഇൻഡീസിലെ ടീമുകളിലെ നിരവധി ക്രിക്കറ്റ് കളിക്കാരെ നിയന്ത്രിക്കുകയും വാതുവയ്പ്പ് നടത്തുകയും ചെയ്തിരുന്നതായി ആരോപണങ്ങൾ ഉയർന്നിരുന്നു.
1985ന് ശേഷം നടന്ന നിരവധി ക്രിക്കറ്റ് മത്സരങ്ങളിൽ ദാവൂദിന്റെ സാന്നിധ്യം ഉണ്ട്. ക്രിക്കറ്റ് വാതുവയ്പ്പ് ഡി -കന്പനിയുടെ പ്രധാന സാന്പത്തിക സ്രോതസായി മാറുകയായിരുന്നു. (തുടരും)