കറാച്ചി: കുപ്രസിദ്ധ കുറ്റവാളിയും പിടികിട്ടാപ്പുള്ളിയുമായ ദാവൂദ് ഇബ്രാഹിമിനെ ഗുരുതര ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് പാക്കിസ്ഥാനിൽ കറാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്.
വിഷം ഉള്ളിൽചെന്നതായി അഭ്യൂഹമുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരണമില്ല. ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിക്കുള്ളിൽ കർശന സുരക്ഷയിലാണ് പാർപ്പിച്ചിരിക്കുന്നത്.
ആശുപത്രിയിലെ ഉന്നത അധികാരികൾക്കും അദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗങ്ങൾക്കും മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളൂ.രണ്ടാം വിവാഹത്തിനുശേഷം ദാവൂദ് കറാച്ചിയിൽ താമസിച്ചുവരികയാണെന്നു സഹോദരി ഹസീന പാർക്കറുടെ മകൻ ജനുവരിയിൽ ദേശീയ അന്വേഷണ ഏജൻസിയോട് പറഞ്ഞിരുന്നു.
പാക്കിസ്ഥാനിലെ പത്താൻ കുടുംബത്തിൽനിന്നുള്ള യുവതിയെയാണ് ദാവൂദ് വിവാഹം കഴിച്ചിരിക്കുന്നത്. രണ്ടാം വിവാഹം കഴിഞ്ഞതിനുശേഷം ദാവൂദ് തന്റെ ആദ്യ ഭാര്യ മഹ്ജബീനുമായി വിവാഹമോചനം നേടിയിട്ടില്ലെന്നും വാർത്ത പുറത്തുവന്നിരുന്നു.
അതേസമയം രണ്ടാം വിവാഹം ദാവൂദിന്റെ ഒരു തന്ത്രമാണെന്നാണ് അന്വേഷണ ഏജൻസി പറഞ്ഞത്. ആദ്യ ഭാര്യയ മഹ്ജബീനിൽനിന്ന് അന്വേഷണ ഏജൻസിയുടെ ശ്രദ്ധ തിരിക്കാനാകാം ഇതെന്നും വിവരമുണ്ട്.