മുംബൈ: അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ ലേലം ചെയ്യുന്നു. മഹാരാഷ്ട്രയിലെ നാല് പൂർവിക സ്വത്തുക്കളാണ് നാളെ ലേലം ചെയ്യുന്നത്.
സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അഥോറിറ്റിയാണ് (സഫേമ) ലേലം സംഘടിപ്പിക്കുന്നത്. വസ്തുക്കളുടെ വില 19.2 ലക്ഷം രൂപയാണ്. 2017ലും 2020ലും ദാവൂദിന്റെ 17-ലധികം വസ്തുവകകൾ സഫേമ ലേലം ചെയ്തിരുന്നു.
ദാവൂദിന്റെ അമ്മ ആമിനബിയുടെ പേരിൽ രത്നഗിരി ജില്ലയിലെ ഖേഡിലുള്ള മുംബാകെയിലെ കൃഷിഭൂമിയാണ് ലേലം ചെയ്യുന്നത്. ദാവൂദിന്റെ കുടുംബവീട് നിലനിന്നിരുന്ന ഗ്രാമമാണിത്.
കള്ളക്കടത്തു കേസുകളിൽ ദാവൂദിനും കുടുംബാംഗങ്ങൾക്കുമെതിരേ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് ആക്ട് പ്രകാരമുള്ള കേസുകളെത്തുടർന്നുമാണ് സഫേമ കോംപീറ്റന്റ് അഥോറിറ്റി സ്വത്തുക്കൾ കണ്ടുകെട്ടിയത്.
പാക്കിസ്ഥാനിലെ കറാച്ചിയിൽ ഒളിവിൽ കഴിയുന്ന ദാവൂദിനെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. വാർത്ത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ചില ആരോഗ്യപ്രശ്നങ്ങളുള്ളതായി മുൻ കൂട്ടാളികൾ വെളിപ്പെടുത്തിയിട്ടുണ്ട്.