തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട നടപടികളിന്മേല് നിയമ സംവിധാനത്തില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
2011- 2016 കാലത്ത് കേരളത്തില്‍ 100 സ്ത്രീധന പീഡന മരണങ്ങളുണ്ടായിട്ടുണ്ട്. 2016-2021 കാലത്ത് 54 മരണങ്ങളും ഈ വര്‍ഷം ആറ് സ്ത്രീധന പീഡന മരണങ്ങളുമുണ്ടായിട്ടുണ്ടെന്നും ചോദ്യോത്തരവേളയില്‍ നല്കിയ മറുപടിയില്‍ മുഖ്യമന്ത്രി വിശദമാക്കി.
കൊല്ലത്തെ വിസ്മയ കേസില്‍ ശൂരനാട് പോലീസ് നടപടി തുടരുകയാണ്. അന്വേഷണം അന്തിമഘട്ടത്തിലെത്തിയിട്ടുണ്ട്. സ്ത്രീധന പീഡനങ്ങള്‍ക്കെതിരേയുള്ള സംഭവങ്ങളില്‍ ഗവര്‍ണറുടെ ഇടപെടല്‍ ഗാന്ധിയന്‍ രീതിയില്‍ സമൂഹത്തെ ബോധവത്കരിക്കുന്നതിനു വേണ്ടിയാണ്.
അതിനെ തെറ്റായ രീതിയില്‍ പ്രതിപക്ഷം വ്യാഖ്യാനിക്കുകയാണുണ്ടായത്. സ്ത്രീധന പീഡന മരണങ്ങള് നാടിന് അപമാനമാണെന്നും സ്ത്രീ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.